ഉർജിത് പട്ടേലിന്റെ ശമ്പളം രണ്ട് ലക്ഷം രൂപ
ഉർജിത് പട്ടേലിന്റെ ശമ്പളം രണ്ട് ലക്ഷം രൂപ
Sunday, December 4, 2016 11:21 AM IST
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ ശമ്പളം മാസം രണ്ടു ലക്ഷം രൂപ. റിസർവ് ബാങ്ക് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗവർണർക്ക് സഹായികളായി ആരെയും നല്കിയിട്ടില്ലെന്നും റിസർവ് ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.

സെപ്റ്റംബറിൽ ഗവർണറായി ചുമതലയേറ്റ പട്ടേൽ ഇപ്പോഴും മുംബൈയിൽ റിസർവ് ബാങ്കിന്റെ ഉടമസ്‌ഥതയിലുള്ള ഡെപ്യൂട്ടി ഗവർണറുടെ ഫ്ളാറ്റിലാണ് താമസം. രണ്ടു കാറുകളും രണ്ടും ഡ്രൈവർമാരെയും പുതിയ ഗവർണർക്ക് റിസർവ് ബാങ്ക് അനുവദിച്ചിട്ടുണ്ട്.

മുൻ ഗവർണർ രഘുറാം രാജനു നല്കിയിരുന്ന ശമ്പളംതന്നെയാണ് ഉർജിത് പട്ടേലിനും നല്കുന്നത്. ഒക്ടോബറിൽ 2.09 ലക്ഷം രൂപയാണ് ഉർജിത് പട്ടേൽ കൈപ്പറ്റിയത്. സെപ്റ്റംബർ നാലിന് രഘുറാം രാജൻ റിസർവ് ബാങ്കിൽനിന്നു പടിയിറങ്ങിയപ്പോൾ നാലു ദിവസത്തെ ശമ്പളമായി 27,933 രൂപ കൈപ്പറ്റിയിരുന്നെന്നും റിസർവ് ബാങ്ക് അറിയിച്ചു.


1.69 ലക്ഷം രൂപ മാസശമ്പളത്തിനാണ് 2013 സെപ്റ്റംബർ അഞ്ചിന് രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റത്. പിന്നീട് ഇത് 2014 മാർച്ചിൽ 1.78 ലക്ഷവും 2015ൽ 1.87 ലക്ഷവുമായി പുനഃക്രമീകരിച്ചു. ഈ വർഷം ജനുവരിയിലാണ് ശമ്പളം 2.09 ലക്ഷമായി ഉയർത്തിയത്.

മൂന്നു കാറും നാലു ഡ്രൈവർമാരെയുമാണ് രാജനു നല്കിയിരുന്നത്. സഹായികളായി പത്തു പേരെയും റിസർവ് ബാങ്ക് ഗവർണറുടെ ബംഗ്ലാവിൽ ആർബിഐ നിയമിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.