ഉത്പന്ന ബഹിഷ്കരണം പാളിയെന്നു ചൈനീസ് പത്രം
ഉത്പന്ന ബഹിഷ്കരണം പാളിയെന്നു ചൈനീസ് പത്രം
Friday, October 14, 2016 11:28 AM IST
ബെയ്ജിംഗ്: ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്കരിക്കണമെന്ന ആഹ്വാനം പാളിയെന്ന് ചൈനീസ് പത്രം. ജയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ നിരോധിക്കാനുള്ള യുഎന്നിന്റെ നീക്കം ചൈന എതിർത്തതോടെയാണ് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഇന്ത്യയിൽ ഉയർന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാപാരസീസണായ ദീപാവലി കാലത്ത് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവരുടെ നിർദേശം. ഉത്സവസീസൺ പകുതി ആയെങ്കിലും ചൈനീസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിലെ പ്രിയം മാറിയിട്ടില്ലെന്നാണ് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് അവകാശപ്പെടുന്നത്. രാഷ്ട്രീയനേതാക്കൾ പ്രശ്നം വഷളാക്കിയെന്നും പത്രം ആരോപിക്കുന്നു.

ഉത്സവസീസണിലെ ആദ്യ രണ്ടാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിലെ പ്രധാന മൂന്ന് ഇ–കൊമേഴ്സ് സ്‌ഥാപനങ്ങളും റിക്കാർഡ് നേട്ടത്തിലാണ്. ഇതിൽ ചൈനീസ് ഉത്പന്നങ്ങളാണ് വില്പനയിൽ മികച്ചുനിൽക്കുന്നത്. ചൈനീസ് മൊബൈൽ കമ്പനി ഷവോമി ഫ്ളിപ്കാർട്ട്, ആമസോൺ ഇന്ത്യ, സ്നാപ്ഡീൽ, ടാറ്റ് ക്ലിക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി അഞ്ചു ലക്ഷത്തിലധികം ഫോണുകളാണ് വിറ്റത്. ഈ മാസം ആദ്യ മൂന്നു ദിവസത്തെ കണക്കു മാത്രമാണിത്.

ചൈന–ഇന്ത്യ ബന്ധത്തിൽ വാണിജ്യത്തിനുള്ള പങ്ക് വലുതാണ്. 2015ൽ 7000 കോടി ഡോളറിന്റെ ഇടപാടുകൾ നടന്നു. ഇന്ത്യയിലെ ചൈനീസ് നിക്ഷേപം ആറിരട്ടി വർധിച്ച് 87 കോടി ഡോളറായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണം പ്രധാനമായും ഇ–കൊമേഴ്സ് സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. ഈ മേഖലയിൽ ചൈനയിൽനിന്നുള്ള നിക്ഷേപങ്ങളും ഏറിവരുന്നു. പുതിയ ട്രെൻഡ് അനുസരിച്ച് ചൈനയിൽനിന്നുള സ്മാർട്ട് ഫോണുകൾക്കാണ് ഇന്ത്യയിൽ പ്രചാരം.

സെപ്റ്റംബറിൽ 92.2 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ചൈനയിലേക്ക് കയറ്റിയയച്ചു. 540 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു. 2014ലെ കച്ചവട–സാമ്പത്തിക സഹകരണ കരാറനുസരിച്ച് ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നു പ്രഖ്യാപിച്ചാലും ഇറക്കുമതി മുറപോലെ നടക്കും. അഞ്ചു വർഷമാണ് കരാറിന്റെ കാലാവധി. ഇലക്ട്രോണിക്–ടെലികോം ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ അയിര്, പ്ലാസ്റ്റിക്, പരുത്തി തുടങ്ങിയവ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.



ബഹിഷ്കരണത്തിൽ വ്യാപാരികൾക്ക് ആശങ്ക

ന്യൂഡൽഹി: ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിൽ ആശങ്കയോടെ ഡൽഹിയിലെ വ്യാപാരികൾ. ദീപാവലിയോടനുബന്ധിച്ചുള്ള ഉത്സവസീസൺ മുന്നിൽക്കണ്ട് നാലു മാസം മുമ്പേ കച്ചവടത്തിനായി ഉത്പന്നങ്ങൾ വാങ്ങി ശേഖരിച്ചവരാണിവർ. രാഷ്ട്രീയ നേതാക്കൾ ശക്‌തമായി സ്വദേശിവത്കരണത്തിനുവേണ്ടി വാദിക്കുമ്പോൾ ഭയത്തോടെയാണ് ഇവർ മുന്നോട്ടുപോകുന്നത്. ബഹിഷ്കരണത്തോട് യോജിക്കുന്നുവെങ്കിലും ഭീമമായ നഷ്‌ടം എങ്ങനെ നികത്തുമെന്ന ആശങ്കയിലാണവർ.

വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നതിനു മുമ്പ് സാധാരണക്കാരായ കച്ചവടക്കാരുടെ കാര്യങ്ങൾകൂടി നേതാക്കൾ ഓർക്കണമായിരുന്നു. ചൈനയിൽനിന്നുള്ള പല ഉത്പന്നങ്ങളും ഇന്ത്യയിൽ നിർമിക്കാനുള്ള സാഹചര്യമില്ലാത്തവയാണ്. ആ അവസരത്തിൽ ബഹിഷ്കരണം രാജ്യത്തെ ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.

ഉത്പന്നങ്ങളുടെ ബഹിഷ്കരണം വഴി ചൈനയുടെ സാമ്പത്തികഭദ്രത തകർക്കാനും സ്വദേശി ഉത്പന്നങ്ങൾക്ക് പ്രചാരം വർധിപ്പിക്കാനും കഴിയുമെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.