രാജന്റെ പിന്മാറ്റം വിപണി ഉലയ്ക്കും
രാജന്റെ പിന്മാറ്റം വിപണി ഉലയ്ക്കും
Sunday, June 19, 2016 11:03 AM IST
<ആ>ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ആർബിഐ ഗവർണർ രംഗം വിടുമെന്ന വെളിപ്പെടുത്തൽ ഇന്ത്യൻ മാർക്കറ്റിൽ ഇന്ന് പിരിമുറുക്കമുളവാക്കിയാൽ സെൻസെക്സിൽ 500 പോയിന്റിന്റെ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മുല്യത്തിലും വൻ വ്യതിയാനത്തിനിടയുണ്ട്. ആഗോള ഓഹരിവിപണികളിലെ ചലനങ്ങൾ മുൻനിർത്തി ഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിലും കരുതലോടെ നീക്കങ്ങൾ നടത്തി. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പിൻമാറുമോയെന്ന ആശങ്ക പ്രമുഖ സൂചികകളിൽ ചാഞ്ചാട്ടമുളവാക്കി.

റിസർവ് ബാങ്ക് ഗവർണായി രഘുറാം രാജൻ അധികാരത്തിലേറിയ 2013 സെപ്റ്റംബർ നാലിന് 18,567 പോയിന്റിൽ നീങ്ങിയ ബോംബെ സെൻസെക്സ് ഇപ്പോൾ 26,626ൽ എത്തി. അതേസമയം അന്ന് 67.09ൽ നീങ്ങിയ രൂപയുടെ വിനിമയ നിരക്ക് ഇപ്പോൾ 66.76ലും. രൂപയെ തകർച്ചയിൽനിന്നു പിടിച്ചു നിർത്തുന്നതിൽ ആർബിഐ മേധാവി സ്വീകരിച്ച നടപടികൾ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് വേഗത പകർന്നിരുന്നു.

യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരുമോയെന്ന കാര്യത്തിലെ അനിശ്ചിതാവസ്‌ഥയ്ക്ക് വ്യാഴാഴ്ച വ്യക്‌തമായ ഉത്തരം ലഭിക്കും. യുറോ– ഡോളർ വിനിമയത്തിലും യെൻ– ഡോളർ വിനിമയ മൂല്യത്തിലും ശ്രദ്ധേയമായ ചലനങ്ങൾക്ക് ഇടയുണ്ട്. ഫണ്ടുകൾ സ്വരക്ഷയ്ക്ക് മുൻതൂക്കം നൽകി സ്വർണത്തിൽ പിടിമുറുക്കാം. മഞ്ഞലോഹത്തിലെ ബുള്ളിഷ് ട്രൻഡ് ഒരു വിഭാഗം ഓപ്പറേറ്റർമാർ ഷോട്ട് പൊസിഷനുകൾക്ക് അവസരമാക്കാം. സ്വർണം രണ്ടു വർഷത്തെ ഉയർന്ന നിരക്കായ ഔൺസിന് 1314.80 ഡോളറിലെത്തി. ഈ മാസം സ്വർണവില അഞ്ചു ശതമാനവും ഈ വർഷം 24 ശതമാനവും മുന്നേറി.

ഏഷ്യൻ ഓഹരിവിപണികൾ പലതും നേട്ടത്തിലാണെങ്കിലും ജപ്പാനിൽ നിക്കൈ സൂചിക പോയവാരം നഷ്ടത്തിലാണ്. ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്കുകൾ സ്റ്റെഡിയായി നിലനിർത്തിയത് നിക്ഷേപകരെ വില്പനക്കാരാക്കി. ബാങ്ക് ഓഫ് ഇംഗ്ലണ്ടും കഴിഞ്ഞ വാരം നടന്ന യോഗത്തിൽ പലിശ സ്റ്റെഡി നിരക്കിൽ തുടരാൻ തീരുമാനിച്ചിരുന്നു. കൊറിയ, സിംഗപ്പൂർ, ഹോങ്കോംഗ്, ചൈനീസ് മാർക്കറ്റുകൾ നേട്ടത്തിലാണ്. യൂറോപ്യൻ ഓഹരിവിപണികൾ മികവിലാണ്. അതേ സമയം യുഎസ് ഇൻഡക്സുകൾക്ക് വാരാന്ത്യം തിരിച്ചടി നേരിട്ടു.

ബോംബെ സെൻസെക്സ് പത്തു പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. താഴ്ന്ന നിലവാരമായ 26,262ൽനിന്ന് ഒരവസരത്തിൽ 26,752 വരെ കയറിയ സെൻസെക്സ് വാരാന്ത്യം 26,626ലാണ്. ഈ വാരം സെൻസെക്സിന് 26,431 പോയിന്റിൽ ആദ്യ താങ്ങുണ്ട്. ഇതു നഷ്ടപ്പെട്ടാൽ വിപണി 26,056–25,851ലെ സപ്പോർട്ടിൽ പരീക്ഷണം നടത്താം. അതേസമയം മുന്നേറാൻ നീക്കം നടത്തിയാൽ 26,831–27,036 ൽ പ്രതിരോധം നേരിടാം. വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ പാരാബോളിക് എസ്എആർ, എംഎസിഡി, ആർഎസ്ഐ –14, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ സെല്ലിംഗ് മൂഡിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് പുൾ ബാക്ക് റാലിക്കുള്ള സാധ്യതകളിലേക്ക് വിരൽചുണ്ടുന്നു.


നിഫ്റ്റി 8,065–8,211 പോയിന്റിൽ ചാഞ്ചാടിയ ശേഷം ക്ലോസിംഗിൽ 8,170ലാണ്. ഈ വാരം 8,232ലെ പ്രതിരോധം ഭേദിക്കാനായാൽ വാരത്തിന്റെ രണ്ടാം പാദത്തിൽ 8,294ലേക്കും അവിടെനിന്ന് 8,378ലേക്കും മുന്നേറാൻ ശ്രമം നടക്കാം. എന്നാൽ, തിരിച്ചടി നേരിട്ടാൽ 8,086–8,002ൽ താങ്ങുണ്ട്. ഇതു കൈമോശം വന്നാൽ സൂചിക 7,940 റേഞ്ചിലേക്ക് തിരിയാം.

മുൻനിരയിലെ 30 ഓഹരികളിൽ 15 ഓഹരികളുടെ നിരക്കുയർന്നപ്പോൾ 14 ഓഹരികൾക്ക് തളർച്ചനേരിട്ടു. എച്ച്യുഎൽ ഓഹരിവില സ്റ്റെഡിയായി നിലകൊണ്ടു. ഹെൽത്ത്കെയർ, ഓട്ടോമൊബൈൽ, കാപ്പിറ്റൽ ഗുഡ്സ് വിഭാഗങ്ങളിൽ ഓപ്പറേറ്റർമാർ വില്പനയ്ക്ക് ഉത്സാഹിച്ചു. റിയാലിറ്റി, എഫ്എംസിജി, പവർ, കൺസ്യുമർ ഗുഡ്സ്, ടെക്നോളജി, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗം ഓഹരികളിൽ നിക്ഷേപ താത്പര്യം ദൃശ്യമായി.

ബിഎസ്ഇയിൽ 13,981.67 കോടി രൂപയുടെയും എൻഎസ്ഇയിൽ 82,214.61 കോടി രൂപയുടെയും ഇടപാടുകൾ നടന്നു. തൊട്ട് മുൻവാരം ഇത് യഥാക്രമം 13,530.99 കോടിയും 83,977.77 കോടിയുമായിരുന്നു.

മുൻ നിരയിലെ ആറു കമ്പനികളുടെ വിപണിമൂല്യത്തിൽ 22,459 കോടി രൂപയുടെ വർധന. ടിസിഎസിന്റെ വിപണി മൂല്യത്തിൽ 8,384.17 കോടി രൂപയുടെ ഉയർച്ച. എച്ച്ഡിഎഫ്സിബാങ്ക്, ഐടിസി, കോൾ ഇന്ത്യ, സൺ ഫാർമ, എച്ച്യുഎൽ എന്നിവയ്ക്ക് നേട്ടം.

<ആ>നേട്ടങ്ങളുടെ മൂന്നു വർഷം

2013 സെപ്റ്റംബർ 4: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23–ാം ഗവർണറായി മൂന്നു വർഷത്തേക്ക് നിയമിക്കപ്പെട്ടു.

2013 ഒക്ടോബർ 20: റീപ്പോ റേറ്റ് 25 ബേസിസ് പോയിന്റ് ഉയർത്തി 7.75 ശതമാനമാക്കി കമ്പോളത്തെ ഞെട്ടിച്ചു.

2014 ജനുവരി 8: റീപ്പോ റേറ്റ് വീണ്ടുമുയർത്തി എട്ടു ശതമാനമാക്കി.

2014 ഏപ്രിൽ 2: ഐഡിഎഫ്സി ലിമിറ്റഡിനും ബാന്ധൻ ഫിനാൻഷൽ സർവീസിനും യൂണിവേഴ്സൽ ബാങ്ക് ലൈസൻസ് അനുവദിച്ചു.

2015 ജനുവരി 15: റീപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. ചാർജ് ഏറ്റെടുത്തതിനു ശേഷം ഇതാദ്യം.

2015 ഫെബ്രുവരി 28: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ മോണിറ്ററി പോളിസിയുമായി ധാരണയായി.

2015 മാർച്ച് 4: റീപ്പോ നിരക്ക് 7.25 ശതമാനമായി കുറച്ചു.

2015 ഓഗസ്റ്റ് 19: പേമന്റ് ബാങ്കുകളായി പ്രവർത്തിക്കാൻ 11 സ്‌ഥാപനങ്ങൾക്ക് അനുമതി.

2015 സെപ്റ്റംബർ 16: ചെറുകിട ഫിനാൻസ് ബാങ്കുകളായി പ്രവർത്തിക്കാൻ 10 സ്‌ഥാപനങ്ങൾക്ക് അനുമതി.

2015 സെപ്റ്റംബർ 29: വളർച്ച ലക്ഷ്യംവച്ച് റീപ്പോ റേറ്റ് 25 ബേസിസ് പോയിന്റ് കുറച്ച് 6.75 ശതമാനമാക്കി.

2016 ഏപ്രിൽ 5: റീപ്പോ റേറ്റ് 25 ബേസിസ് പോയിന്റ് കുറച്ച് 6.5 ശതമാനമാക്കി.

2016 ജൂൺ 18: ഇനി ഗവർണറായി തുടരാനില്ലെന്ന് പ്രഖ്യാപിച്ചു. ഇപ്പോഴത്തെ കാലാവധി സെപ്റ്റംബർ നാലിന് അവസാനിക്കും.1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.