രാജ്യത്തു സ്മാർട്ഫോൺ വില്പന കുറഞ്ഞു
രാജ്യത്തു സ്മാർട്ഫോൺ വില്പന കുറഞ്ഞു
Sunday, May 29, 2016 11:20 AM IST
ന്യൂഡൽഹി: പ്രധാന സ്മാർട്ഫോൺ കമ്പനികളെയെല്ലാം ഞെട്ടിച്ചുകൊണ്ട് രാജ്യത്ത് സ്മാർട്ഫോൺ വില്പന കുറഞ്ഞു. 2016–17 ധനകാര്യവർഷത്തിലെ ആദ്യ പാദത്തിൽ ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് ഇതാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ തലേ വർഷത്തെ അപേക്ഷിച്ച് 20–22 ശതമാനം വളർച്ച കൈവരിച്ച സ്‌ഥാനത്താണ് ഈ കുറവ്. സ്മാർട്ഫോണുകളിലും ഫീച്ചർ ഫോണുകളിലും വില്പനയിടിവ് പ്രകടമാണ്.

ഇപ്പോൾ ഫീച്ചർ ഫോണുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർ കൈയിലൊതുങ്ങുന്ന വിലയ്ക്ക് 4ജി ഫോണുകൾ വിപണിയിലെത്താൻ കാത്തിരിക്കുകയാണെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. ജനുവരി–മാർച്ച് പാദത്തിൽ സ്മാർട്ഫോൺ വിപണിക്ക് 8.2 ശതമാനം ഇടിവുണ്ടായെന്നാണ് ഇന്റർനാഷണൽ ഡേറ്റാ കോർപറേഷൻ ഇന്ത്യയുടെ റിപ്പോർട്ട്. എന്നാൽ, ഈ ഇടിവ് സാധാരണമാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഒക്ടോബർ–ഡിസംബർ പാദത്തിലെ ഉത്സവസീസൺ പ്രമാണിച്ച് സ്മാർട്ഫോൺ വിപണിക്ക് വൻ നേട്ടമായിരുന്നു. അതിനാൽ അവസാന പാദത്തിലെ നഷ്‌ടം കാര്യമാക്കേണ്ടതില്ലെന്നാണ് കമ്പനികൾ പറയുന്നത്. എന്നാൽ, പുതിയ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ തലേ വർഷത്തെ ഇതേ കാലയളവിനേക്കാളും അഞ്ചു ശതമാനം അധിക വില്പന നടന്നിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരു വർഷത്തെ മൊത്തം വില്പനയെടുത്താൽ ഗ്രാഫ് ഇപ്പോൾ താഴേക്കാണ്. ഫീച്ചർ ഫോണുകളിൽനിന്ന സ്മാർട്ഫോണുകളിലേക്കുള്ള മാറ്റം കഴിഞ്ഞ നാലു പാദത്തിലും നിശ്ചലാവസ്‌ഥയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.