മെട്രോ: സമയത്തു തീർക്കാൻ വിയർക്കുമെന്ന് എഎഫ്ഡി
മെട്രോ: സമയത്തു തീർക്കാൻ വിയർക്കുമെന്ന് എഎഫ്ഡി
Thursday, April 21, 2016 12:08 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി മെട്രോയുടെ നിർമാണം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെങ്കിലും മുൻനിശ്ചയിച്ച പ്രകാരം ആദ്യഘട്ടം പൂർത്തിയാക്കി വാണിജ്യാടിസ്‌ഥാനത്തിൽ സർവീസ് ആരംഭിക്കുകയെന്നതു ദുഷ്ക്കരമാണെന്നു കൊച്ചി മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്ന ഫ്രഞ്ച് ധനകാര്യ ഏജൻസി എഎഫ്ഡിയുടെ സംഘത്തലവനും എഎഫ്ഡിയുടെ ദക്ഷിണ ഏഷ്യാ റീജണൽ ഡയറക്ടറുമായ നിക്കോളാസ് ഫൊറൈൻ.

പദ്ധതിയുടെ പ്രവർത്തനം നല്ല നിലയിൽ പുരോഗമിക്കുന്നുണ്ട്. എന്നാൽ, ആവശ്യമായ സുരക്ഷ അടക്കമുള്ള എല്ലാ അനുമതികളും നേടിക്കൊണ്ട് നേരത്തെ ലക്ഷ്യമിട്ട ദിവസം തന്നെ സർവീസ് ആരംഭിക്കുന്നതു വിഷമകരമാണ്. അതിനായി നന്നായി അധ്വാനിക്കേണ്ടിവരുമെന്നും പദ്ധതി വിലയിരുത്തലിനു ശേഷം കൊച്ചി മെട്രോ റെയിൽ ആസ്‌ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എഎഫ്ഡി പ്രതിനിധി സംഘം പദ്ധതി പ്രദേശങ്ങളിൽ നടത്തിയ സന്ദർശനത്തിനും തുടർചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണു നിക്കോളാസ് ഫൊറൈൻ ഇക്കാര്യം വ്യക്‌തമാക്കിയത്. നവംബർ ഒന്നു മുതൽ കൊച്ചി മെട്രോ വാണിജ്യാടിസ്‌ഥാനത്തിൽ സർവീസ് നടത്താനാണു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ ലക്ഷ്യമിട്ടിരിക്കുന്നത്. നിർമാണ ജോലികൾ സമയബന്ധിതമായും കാര്യക്ഷമമായും പുരോഗമിക്കുകയാണെങ്കിലും നിർദിഷ്ട ലക്ഷ്യം യാഥാർഥ്യമാക്കുക വലിയ വെല്ലുവിളി തന്നെയാണെന്നും എംഡി ഏലിയാസ് ജോർജും പറഞ്ഞു.

കൊച്ചി മെട്രോയുടെ ഒന്നാംഘട്ട നിർമാണം, കാക്കനാട്ടേക്ക് ദീർഘിപ്പിക്കൽ, നഗര ഗതാഗത ആസൂത്രണം, ഇരു ഏജൻസികളും തമ്മിലുള്ള ഭാവി സഹകരണം തുടങ്ങിയ കാര്യങ്ങളിൽ രണ്ടു ദിവസങ്ങളായി നടന്ന ചർച്ചകളിൽ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോയുടെ നിർമാണത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. എല്ലാം സമയബന്ധിതമായി പോകുന്നു. പദ്ധതി പ്രവർത്തനം നേരത്തെ ലക്ഷ്യമിട്ടതിലും കുറഞ്ഞ ചെലവിൽ നടത്താൻ കെഎംആർഎലിനു കഴിയുന്നുവെന്നു പ്രവർത്തനം വിലയിരുത്തിയപ്പോൾ മനസിലായെന്നും നിക്കോളാസ് ഫൊറൈൻ ചൂണ്ടിക്കാട്ടി. നഗര വികസനത്തിനും മെട്രോ നിർമാണത്തനും ഫ്രഞ്ച് വൈദഗ്ധ്യം പങ്കുവയ്ക്കുന്ന കാര്യത്തിൽ വിശദമായ ചർച്ച നടന്നു. ജൂലൈ അവസാനം എഎഫ്ഡി സംഘത്തിന്റെ അടുത്ത സന്ദർശനം നടക്കും. ആ സംഘത്തിൽ നഗരഗതാഗത വിദഗ്ധനും ഉൾപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച കൊച്ചിയിലെത്തിയ സംഘം പദ്ധതി പ്രദേശത്തെ സന്ദർശനവും വിലയിരുത്തലും കെഎംആർഎൽ അധികൃതരുമായി ചർച്ചകളും നടത്തിയശേഷം ഇന്നലെ മടങ്ങി. നിക്കോളാസ് ഫൊറൈനെ കൂടാതെ പ്രോജക്ട് ഓഫീസർ ഷീക് ദിയ, ഡൽഹിയിലെ പ്രോജക്ട് കോ–ഓർഡിനേറ്റർ ജൂലിയറ്റ് ലെ പന്നെയർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിനായി ചെലവ് വരുന്ന 5,181 കോടിയിൽ 1,520 കോടി രൂപയുടെ സഹായമാണ് എഎഫ്ഡി നൽകുന്നത്. പദ്ധതിയുടെ കാക്കനാട്ടേക്കുള്ള വിപുലീകരണത്തിനുകൂടി സാമ്പത്തിക സഹായം നൽകാനുള്ള സന്നദ്ധത ഫ്രഞ്ച് ഏജൻസി അറിയിച്ചിട്ടുണ്ട്.

<ആ>കൊച്ചി ഗതാഗതസംവിധാനം ഉടച്ചുവാർക്കണം

കൊച്ചി: മെട്രോ റെയിൽ വരുന്നതിന്റെ ഭാഗമായി കൊച്ചി നഗര ഗതാഗതത്തെ പൂർണമായും ഉടച്ചുവാർക്കേണ്ടതുണ്ടെന്ന് മെട്രോ റെയിൽ എംഡി ഏലിയാസ് ജോർജ്. കൊച്ചി നഗരത്തിലൂടെ 100 വാഹനങ്ങൾ കടന്നുപോകുമ്പോൾ അതിൽ നാലെണ്ണം മാത്രമാണ് ബസ്. ഈ ബസുകളിലൂടെ യാത്ര ചെയ്യുന്നതാകട്ടെ നഗരത്തിലെത്തുന്ന യാത്രക്കാരിൽ 50 ശതമാനം പേർ മാത്രം. ഇതിനർഥം കാറുകളും മറ്റു വാഹനങ്ങളും നഗര നിരത്തുകളിലേക്ക് അധികമായി എത്തുന്നുവെന്നാണ്.

എന്നാൽ, ഇവിടെനിന്നു കാറുകേളെയും മറ്റു വാഹനങ്ങളെയും കുറച്ചു കൊണ്ടുവന്നു കൂടുതൽ ആളുകളെ മെട്രോയിലേക്കും അതിലേക്കെത്തിക്കുന്ന ഫീഡർ വാഹനമായ ഇലക്ട്രിക് ബസുകളിലേക്കും എത്തിക്കുന്നതു ലക്ഷ്യമിട്ടാണ് നഗരഗതാഗതം ഉടച്ചുവാർക്കേണ്ടത്– അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സമൂഹത്തിന്റെ എല്ലാ തലത്തിലും പെട്ടവർക്ക് ഒരുപോലെ പ്രയോജനം ഉണ്ടാകുന്ന ചെലവു കുറഞ്ഞതും സുരക്ഷിതമായ ഗതാഗത പദ്ധതികളിൽ സാമ്പത്തിക സഹായം നൽകുന്നതിനാണ് എഎഫ്ഡിക്കു താത്പര്യം. നാഗ്പൂരും ബംഗളൂരൂവും അടക്കമുള്ള മെട്രോ പദ്ധതികൾക്ക് എഎഫ്ഡി ധനസഹായം നൽകുന്നുണ്ട്. എന്നാൽ, കൊച്ചി മെട്രോയാണു തങ്ങളുടെ ഇന്ത്യയിലെ ഫ്ളാഗ്ഷിപ് പദ്ധതിയെന്നും നിക്കോളാസ് ഫൊറൈൻ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.