ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി താത്കാലികം: രഘുറാം രാജന്‍
ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി താത്കാലികം: രഘുറാം രാജന്‍
Sunday, February 14, 2016 12:22 AM IST
കൊച്ചി: ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധി അതിജീവിക്കാന്‍ സാധിക്കുമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എല്ലാ സാമ്പത്തിക സേവന മേഖലകളിലും ഈ പ്രതിസന്ധി പ്രകടമാണ്. അതു താത്കാലികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച 14-ാമത് കെ.പി. ഹോര്‍മിസ് അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍.

ബാങ്കിംഗ് അടക്കമുള്ള സാമ്പത്തിക സേവനമേഖല അപ്പാടെ മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. പൊതുമേഖലാ ബാങ്കുകളെ വലിയ തോതില്‍ പ്രഫഷണലൈസ് ചെയ്തുകൊണ്ടും സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും ബാങ്കിംഗ് മേഖല ഏറെ മുന്നോട്ടു പോകും. കൂടുതലായി ചെറുകിട ബാങ്കുകളും പേമെന്റ് ബാങ്കുകളും നിലവില്‍ വരുകയും പൊതുമേഖലാ ബാങ്കുകള്‍ കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യുന്നതോടെ ബാങ്കിംഗ് രംഗത്ത് മത്സരം കൂടുതല്‍ കരുത്തുറ്റതാകും.

ഇത്തരം മത്സരങ്ങളുടെ കാലത്ത് സേവനങ്ങള്‍ നല്‍കുന്നതിലെ മികവ് പ്രധാന ഘടകമായി വരും. മാറുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതല്‍ മികവോടെ പ്രവര്‍ത്തിച്ച് കൂടുതല്‍ ആളുകളെ ബാങ്കിംഗ് സേവനത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനും കഴിയണം. ഇവിടെയാണ് മികച്ച മാനവവിഭവ ശേഷി കണ്െടത്തി പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം. മികച്ച പ്രഫഷണലുകളെ ഉള്‍പ്പെടുത്തി ബാങ്ക് ബോര്‍ഡുകള്‍ അടക്കമുള്ളവ കൂടുതല്‍ കാര്യക്ഷമമാക്കണം. പ്രഫഷണലുകളെ കൊണ്ടുവരുന്ന കാര്യം വരുമ്പോള്‍ രാജ്യസ്നേഹം പറഞ്ഞിരിക്കേണ്ടതില്ല. മികച്ച പ്രകടനം നടത്തുന്ന ആളുകളെ മികച്ച സേവന-വേതന വ്യവസ്ഥകള്‍ നല്‍കി നിയോഗിക്കണം.

ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങളുടെ സ്വഭാവത്തിലും അവ കൈകാര്യം ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്യത്തിലും വരുംനാളുകളില്‍ വലിയ മാറ്റം വരും. സാധാരണക്കാരിലേക്ക് സേവനങ്ങള്‍ എത്തിക്കുന്നതില്‍ വലിയ ബാങ്കുകളേക്കാള്‍ ചെറുകിട ബാങ്കുകള്‍ക്കായിരിക്കും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക സാധിക്കുക. ആയിരം കിലോമീറ്റര്‍ ദൂരെ ആസ്ഥാനമുള്ള ബാങ്കിനേക്കാള്‍ ചെറിയ പ്രദേശത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബാങ്കുകളായിരിക്കും കര്‍ഷകരെയും സാധാരണക്കാരെയും പോലുള്ള ആളുകളുടെ ആവശ്യങ്ങള്‍ക്ക് വളരെ വേഗത്തില്‍ ഉപകരിക്കുക.

ഇത്തരം ബാങ്കുകള്‍ കൂടുതല്‍ വരുന്നതോടെ ബാങ്കിംഗ് രംഗം കൂടുതല്‍ മത്സരാധിഷ്ഠിതമാകും. എന്നാല്‍, ബാങ്കിംഗ് മേഖലയില്‍ ഒട്ടേറെ വെല്ലുവിളികളും പ്രശ്നങ്ങളുമുണ്ട്. ഇവ പരിഹരിച്ചു മുന്നോട്ടുപോകാന്‍ സാധിക്കും. നമ്മള്‍ ചില കാര്യങ്ങളില്‍ പാരമ്പര്യവാദികളാകേണ്ടതുണ്ട്. റോഡില്‍ ഹമ്പുകള്‍ നിര്‍മിക്കുന്നതു പോലെ സൂക്ഷിച്ചു പോകാന്‍ നമ്മളോട് ഉപദേശിക്കുന്ന തരത്തിലെ മുന്‍കരുതലായി ഇതിനെ കാണണം. അതേസമയം, പുതിയതും പരീക്ഷണോന്മുഖവുമായ കാര്യങ്ങളോട് നാം കണ്ണടച്ചിരിക്കേണ്ടതില്ല. ഇത്തരം സമീപനങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടു പ്രവര്‍ത്തിക്കാന്‍ സാധിക്കണം.


ബാങ്കിംഗ് സാമ്പത്തിക സേവനമേഖലയില്‍ ഏറെ സാധ്യതകള്‍ നമുക്കുണ്ട്. എന്നാല്‍ മത്സരാധിഷ്ഠിതമാകുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന പ്രശ്നങ്ങളെക്കൂടി നമ്മള്‍ കരുതിയിരിക്കണം. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ഉത്പന്നങ്ങള്‍ വില്‍ക്കുകയും പിന്നീട് ആക്ഷേപങ്ങളുണ്ടാകുകയും ചെയ്യുന്ന പ്രവണത ഇന്‍ഷ്വറന്‍സ് മേഖലയിലും മറ്റും കണ്ടുവരുന്നുണ്ട്. ഇത്തരം തെറ്റായ പ്രവണതകള്‍ ഒരു കാരണവശാലും പിന്തുടരരുത്. സേവനങ്ങള്‍ വിപുലപ്പെടുത്തിയും ഉത്പന്ന വൈവിധ്യങ്ങളിലൂടെയും കൂടുതല്‍ മികവിലേക്ക് എത്താന്‍ സാധിക്കും. ആധാര്‍ പോലുള്ള യുണിക് ഐഡി സംവിധാനം ബാങ്കിംഗ് സേവനങ്ങള്‍ കാര്യക്ഷമായി നല്‍കുന്നതിന് ഏറെ പ്രയോജനകരമാണ്. ഇത്തരം സംവിധാനങ്ങള്‍ വിപുലമായി പ്രയോജനപ്പെടുത്തണം.

ജനങ്ങളുടെ സാമ്പത്തിക സാക്ഷരതയും മെച്ചപ്പെടേണ്ടതുണ്ട്. സാമ്പത്തിക സാക്ഷരത എന്നതിനെ കടം വാങ്ങുന്നതിനുള്ള അറിവായി മാത്രം പരിമിതപ്പെടുത്തരുത്. പണത്തിന്റെയും സമ്പാദ്യത്തിന്റെയും പ്രാധാന്യമാണ് പ്രാഥമികമായി മനസിലാക്കേണ്ടത്. കടംവാങ്ങല്‍ എന്നത് അവസാനമായി മാത്രം മനസിലാക്കേണ്ട ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം കൂടിനില്‍ക്കുന്ന സമയത്ത് കുറഞ്ഞ പലിശയ്ക്കു പണം കടം കൊടുക്കാനാവില്ല.

പാപ്പരപ്രഖ്യാപനം സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതു പ്രാവര്‍ത്തികമാകുന്നതോടെ ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കല്‍ കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും നടപ്പാക്കാനാകും. അനധികൃതമായി നിക്ഷേപം സ്വീകരിച്ചു മുങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനായി കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയിലും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തില്‍ ബാങ്കുകള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് മൂന്‍കൂട്ടി കണ്ട ദീര്‍ഘദര്‍ശിയായിരുന്നു ഫെഡറല്‍ ബാങ്ക് സ്ഥാപകനായ കെ.പി. ഹോര്‍മിസ് എന്നും രഘുറാം രാജന്‍ അനുസ്മരിച്ചു. പുത്തന്‍ കാലത്തെ ബാങ്ക് സിഇഒമാര്‍ അക്കാര്യങ്ങള്‍ മനസിലാക്കുന്നതിനു വളരെ മുന്‍പേ കെ.പി. ഹോര്‍മിസ് അത് ഫെഡറല്‍ ബാങ്കിലൂടെ യാഥാര്‍ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. സദസില്‍നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി.

ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ നിലേശ് ശിവജി വിഗംസേ സ്വാഗതവും എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടര്‍ ഹരീഷ് എച്ച്. എന്‍ജിനിയര്‍, സിഎസ്ആര്‍ വിഭാഗം തലവന്‍ രാജു ഹോര്‍മിസ്, ഹോര്‍മീസ് ഫൌണ്േടഷന്‍ ട്രസ്റിമാരായ പോള്‍ മുണ്ടാടന്‍, പി.പി. വര്‍ഗീസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.