വര്‍ധിച്ച ഇറക്കുമതി റബര്‍ കര്‍ഷകരെ ബാധിക്കുന്നു: നിര്‍മല സീതാരാമന്‍
വര്‍ധിച്ച ഇറക്കുമതി റബര്‍ കര്‍ഷകരെ ബാധിക്കുന്നു: നിര്‍മല സീതാരാമന്‍
Friday, December 19, 2014 11:00 PM IST
ന്യൂഡല്‍ഹി: രാജ്യത്തേക്കുള്ള റബര്‍ ഇറക്കുമതി ആശങ്ക ഉളവാക്കുന്നതായും വന്‍തോതിലുള്ള ഇറക്കുമതി റബര്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നതായും കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതു മൂലം റബര്‍വിലയിലുണ്ടായ ഇടിവ് കേരളം പോലെയുള്ള സംസ്ഥാനങ്ങളിലെ ചെറുകിട കര്‍ഷകരെ ദുരിതത്തിലാക്കുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

റബറിന്റെയും മറ്റു കാര്‍ഷിക ഉത്പന്നങ്ങളുടെയും ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ അതതു സമയത്ത് ലഭ്യമാകാത്തുതുമൂലം സര്‍ക്കാരിന് ഇക്കാര്യത്തില്‍ കര്‍ഷകരെ സഹായിക്കുംവിധത്തില്‍ ശക്തമായ നിലപാടെടുക്കാന്‍ സാധിക്കാതെ വരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തുനിന്നും കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന ഉത്പന്നങ്ങളെ സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ ലഭ്യമല്ലെന്നുള്ളത് തന്നെ അത്ഭുതപ്പെടുത്തുന്നു.

നിലവിലെ വില സാഹചര്യത്തില്‍ നിരാശപ്പെടുന്ന ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള സഹായം നല്‍കുന്നതിന് ഇതുമൂലം കഴിയാതെ വരുന്നുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് നിലവിലെ വിലയില്‍ നിന്നു തങ്ങളുടെ ഉത്പാദനത്തിന്റെ ചെലവുപോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഉത്പാദനം ആവശ്യത്തിലും കുറവാണെങ്കില്‍ കര്‍ഷകര്‍ക്കു മികച്ച വില കിട്ടുമെന്ന കാഴ്ചപ്പാടിനു വിപരീതമായി സ്വതന്ത്ര ഇറക്കുമതി നയത്തിലൂടെ ആവശ്യമുള്ളതിലും വളരെയധികം റബര്‍ രാജ്യത്തേക്കെത്തുകയാണ്. ഇതുമൂലം കര്‍ഷകര്‍ക്കു മതിമായ വില ലഭിക്കാതെ വരുന്നത് ഇവരെ ദുരിതത്തിലാഴ്ത്തുന്നു.


കൃത്യമായ വിവരക്കണക്കുകള്‍ ലഭ്യമാണെങ്കില്‍ സര്‍ക്കാരിന് ഈ കര്‍ഷകരെ സഹായിക്കാനാകുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.

സ്വാഭാവിക റബറിന്റെ വിലയിടിവ് കേരളത്തിലെ റബര്‍ കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. രാജ്യത്തെ റബര്‍ ഉത്പാദനത്തിന്റെ 94 ശതമാനവും കേരളത്തില്‍ നിന്നാണ്. 2011 ജനുവരിയില്‍ റബര്‍ കിലോയ്ക്ക് 220 രൂപയായിരുന്നത് നിലവില്‍ പകുതിയില്‍ താഴെയായി കുറഞ്ഞു.

5.45 ലക്ഷം ഹെക്ടറിലാണ് കേരളത്തില്‍ റബര്‍ കൃഷി നടക്കുന്നത്. ഏകദേശം 11.50 ലക്ഷം കര്‍ഷകര്‍ ദൈനംദിന ജീവിതത്തിനായി ഈ കൃഷിയെ ആശ്രയിക്കുന്നുണ്ട്. 1.5 ഹെക്ടറില്‍ താഴെ മാത്രം കൃഷിയുള്ളവരാണ് ഇവരില്‍ അധികവും. 2012-13 കാലയളവില്‍ എട്ടു ലക്ഷം ടണ്ണായിരുന്നു കേരളത്തിന്റെ മൊത്തം റബര്‍ ഉത്പാദനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.