ബ്രെക്സിറ്റ്: വീണ്ടും ഹിതപരിശോധനയില്ല
ബ്രെക്സിറ്റ്: വീണ്ടും ഹിതപരിശോധനയില്ല
Monday, June 27, 2016 12:35 PM IST
ലണ്ടൻ: ബ്രെക്സിറ്റ് സംബന്ധിച്ച് രണ്ടാമതൊരു ഹിതപരിശോധന നടത്തുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ വക്‌താവ് പറഞ്ഞു. വീണ്ടും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് 37ലക്ഷം പേർ ഒപ്പിട്ട നിവേദനം തയാറായിട്ടുണ്ട്. പാർലമെന്റിന്റെ വെബ്സൈറ്റിൽ വന്ന നിവേദനത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് വക്‌താവ് ഇക്കാര്യം പറഞ്ഞത്. വീണ്ടും ഒരു ഹിതപരിശോധന എന്ന ആവശ്യത്തെക്കുറിച്ചു കാബിനറ്റ് പരിഗണിച്ചതേയില്ല.

വ്യാഴാഴ്ചത്തെ ഹിതപരിശോധനയിൽ 52% പേർ യൂറോപ്യൻ യൂണിയൻ വിടുന്നതിന് അനുകൂലമായി വിധിയെഴുതിയിരുന്നു. ജനവിധി മാനിക്കുമെന്നും ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള തന്റെ പിൻഗാമിക്കായിരിക്കുമെന്നും വ്യക്‌തമാക്കി കാമറോൺ പ്രധാനമന്ത്രിസ്‌ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ചു. ഒക്ടോബറിൽ പുതിയ പ്രധാനമന്ത്രി വന്നിട്ടാവും ബ്രെക്സിറ്റ് പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ തുടങ്ങുക.


ഇതിനിടെ കുടിയേറ്റക്കാർക്ക് എതിരേ വംശീയ വിദ്വേഷപരമായ ആക്രമണങ്ങൾ ബ്രിട്ടനിൽ വർധിച്ചതായി റിപ്പോർട്ടുണ്ട്. അസഹിഷ്ണുത വച്ചുപൊറുപ്പിക്കില്ലെന്ന് ഇന്നലെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ കാമറോൺ വ്യക്‌തമാക്കി.

ബ്രിട്ടൻ യൂറോപ്പിനും ലോകത്തിനും പുറംതിരിഞ്ഞു നിൽക്കരുതെന്നും കാമറോൺ ഓർമിപ്പിച്ചു. ബ്രെക്സിറ്റിന്റെ അനന്തരഫലം നേരിടാൻ തക്കവിധം ബ്രിട്ടീഷ് സമ്പദ്ഘടന ശക്‌തമാണെന്ന് ചാൻസലർ ഓസ്ബോണും പറഞ്ഞു.

ഇതേസമയം, ലേബർ പാർട്ടിയിൽ ജെറമി കോർബിനെതിരേ കലാപക്കൊടി ഉയർന്നു. ഹിതപരിശോധന കൈകാര്യം ചെയ്ത കോർബിന്റെ രീതിയിൽ പ്രതിഷേധിച്ച് നിഴൽമന്ത്രിസഭയിലെ 16 പേർ രാജിവച്ചു. ഇയുവിൽ നിലനിൽക്കുന്നതിനുവേണ്ടിയായിരുന്നു ലേബർ പാർട്ടി പ്രചാരണം നടത്തിയത്. എന്നാൽ ഇയുവിന്റെ കടുത്തവിമർശകനായ കോർബിൻ പാർട്ടി നയം നടപ്പാക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.