തകരുന്നതിനുമുമ്പ് ഈജിപ്ഷ്യൻ വിമാനത്തിൽനിന്നു പുക
തകരുന്നതിനുമുമ്പ് ഈജിപ്ഷ്യൻ വിമാനത്തിൽനിന്നു പുക
Saturday, May 21, 2016 12:16 PM IST
പാരീസ്: മെഡിറ്ററേനിയനിൽ വ്യാഴാഴ്ച തകർന്നുവീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. പാരീസിൽനിന്നു കയ്റോയ്ക്കുവന്ന വിമാനത്തിലെ 66 യാത്രക്കാരും കൊല്ലപ്പെട്ടു.

വിമാനം തകരുന്നതിനുമുമ്പ് പുക ഉയർന്നതായി ഓട്ടോമാറ്റിക് ഡിറ്റക്ഷൻ സിസ്റ്റം നൽകിയ സിഗ്നലുകളിൽനിന്നു വ്യക്‌തമായതായി ഫ്രഞ്ച് അന്വേഷകർ പറഞ്ഞു.

പെട്ടെന്നുണ്ടായ തീയെത്തുടർന്നായിരിക്കാം ഇത്. തീപിടിത്തമുണ്ടായത് വയറിംഗിലെ തകരാറുമൂലമോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതുമൂലമോ ആകാമെന്ന് വ്യോമയാന വിദഗ്ധനായ ഡേവിഡ്ലീയർമൗണ്ട് പറഞ്ഞു.വിമാന ദുരന്തത്തിനു പിന്നിൽ ഭീകരരാണെന്ന് ഈജിപ്തും റഷ്യയും പറഞ്ഞെങ്കിലും ഒരു ഭീകരഗ്രൂപ്പും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. വിമാനത്തിന്റെ ബ്ലാക്ബോക്സ് പരിശോധിച്ചാലേ ദുരന്തത്തിന്റെ കാരണം വ്യക്‌തമായി അറിയാനാവൂ. തെരച്ചിൽ നടക്കുന്ന സമുദ്രഭാഗത്ത് വെള്ളത്തിന്റെ ആഴം പതിനായിരം അടിവരെയാണ്. 20,000അടിവരെ ആഴമുള്ള ഭാഗത്തുനിന്നു ബ്ലാക്ബോക്സിന്റെ സിഗ്നൽ കിട്ടും. ഈജിപ്ത്, ഫ്രാൻസ്, ഗ്രീസ്, ബ്രിട്ടൻ, യുഎസ്, സൈപ്രസ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും കടലിൽ തെരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ലഭിച്ച അവശിഷ്‌ടങ്ങളുടെ ഫോട്ടോ ഈജിപ്ഷ്യൻ സൈനിക വക്‌താവിന്റെ ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.