മാഗസിൻ എഡിറ്ററുടെ കൊലപാതകം: അൽക്വയ്ദ ഉത്തരവാദിത്വം ഏറ്റെടുത്തു
Tuesday, April 26, 2016 12:04 PM IST
ധാക്ക: ബുദ്ധിജീവികൾക്കും മതനിരപേക്ഷ ബ്ലോഗർമാർക്കുമെതിരേയുള്ള ആക്രമണം ബംഗ്ലാദേശിൽ തുടരുന്നു. സ്വവർഗ അനുരാഗികൾക്കുവേണ്ടിയുള്ള മാഗസിന്റെ എഡിറ്ററുടെയും സുഹൃത്തിന്റെയും കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ അൽക്വയ്ദ ഏറ്റെടുത്തു. തിങ്കളാഴ്ചയാണ് ധാക്കയിലെ കലാബഗൻ മേഖലയിലെ ഫ്ളാറ്റിൽ അതിക്രമിച്ചു കടന്ന അക്രമികൾ രൂപ്ബൻ മാഗസിൻ എഡിറ്റർ ജുൽഹാസ് മന്നൻ, സുഹൃത്ത് തനയ് ഫാഹിം എന്നിവരെ കഴുത്തറുത്ത് കൊലചെയ്തത്.

ബംഗ്ലാദേശ് മുൻ വിദേശകാര്യമന്ത്രി ദിപു മോനിയുടെ സഹോദരനാണ് ജുൽഹാസ് മന്നൻ. കൊറിയർ കമ്പനിയുടെ ഉദ്യോഗസ്‌ഥർ എന്ന നാട്യത്തിലാണ് അക്രമികൾ ഫ്ളാറ്റിൽ പ്രവേശിച്ചത്.

അൽക്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ശാഖയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. സ്വവർഗാനുരാഗികളും സ്വവർഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നവരുമാണെന്ന ആരോപണമാണ് ഭീകരർ മന്നനും സുഹൃത്തിനുമെതിരേ നടത്തിയത്. ഇക്കാര്യം സമൂഹമാധ്യമമായ ട്വിറ്ററിലൂടെ അൽക്വയ്ദ വ്യക്‌തമാക്കിയിട്ടുണ്ട്.


യുഎസ് എംബസിയിലെ മുൻ പ്രോട്ടോക്കോൾ ഓഫീസറാണ് മന്നൻ. ലിബറൽ യൂണിവേഴ്സിറ്റി പ്രഫസർ റസൂൽ കരിം സിദ്ധിക്കിയെ ഐഎസ് ഭീകരർ കഴുത്തറത്തു കൊലപ്പെടുത്തിയതിനുപിന്നാലെയാണ് അൽക്വയ്ദയുടെവക ഇരട്ടക്കൊലപാതകം അരങ്ങേറിയിരിക്കുന്നത്. ജുൽഹാസ് മന്നന്റെ മൃതദേഹം ഫ്ളാറ്റിന്റെ വാതിൽക്കലും തനയ് ഫാഹിമിന്റെ ശവശരീരം മുറിക്കുള്ളിലുമാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കോളജ് വിദ്യാർഥിയെ പോലീസ് അന്വേഷണവിധേയമായി അറസ്റ്റ് ചെയ്തു. കൊലയാളികൾ ഉപയോഗിച്ചെന്നു കരുതപ്പെടുന്ന ബാഗ് സംഭവസ്‌ഥലത്തുനിന്ന് പോലീസിനു ലഭിച്ചിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് കോളജ് വിദ്യാർഥി അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.