തിരുവനന്തപുരം: ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുടെ തരംമാറ്റത്തിന് സ്വകാര്യ ഏജൻസികളുടെ കടന്നുകയറ്റവും ക്രമക്കേടും സ്ഥിരീകരിച്ച് വിജിലൻസ്.
ഒരു ഏജൻസിയുടെ മൊബൈൽ നന്പരിൽനിന്നു മാത്രം 700 അപേക്ഷകൾ ഭൂമി തരം മാറ്റുന്നതിനായി ആർഡി ഓഫീസുകളിൽ ലഭിച്ചു. റവന്യു വകുപ്പിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥരും സ്വകാര്യ ഏജൻസികളും ഭൂമി തരംമാറ്റ ഏജൻസികളായി പ്രവർത്തിക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി. സംസ്ഥാനത്ത് 28 ആർഡി ഓഫീസുകളിലും നടന്ന വിജിലൻസ് പരിശോധന പൂർത്തിയായി.
പാലക്കാട് 166, തൃശൂർ 154, ചെങ്ങന്നൂർ 93, നെടുമങ്ങാട് 86, മൂവാറ്റുപുഴ 66, പുനലൂർ 44, ഫോർട്ട് കൊച്ചി 21, പെരിന്തൽമണ്ണ 19, കോട്ടയം 14,ഒറ്റപ്പാലം 13, അപേക്ഷകളും തിരുവനന്തപുരം, ആലപ്പുഴ എന്നീ റവന്യു ഡിവിഷണൽ ഓഫീസുകളിൽ ഏഴ് വീതം അപേക്ഷകളും കൊല്ലം, ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസുകളിൽ ആറ് വീതം അപേക്ഷകളും പാലാ റവന്യു ഡിവിഷണൽ ഓഫീസിൽ അഞ്ച് അപേക്ഷകളും കാഞ്ഞങ്ങാട്, മാനനന്തവാടി റവന്യു ഡിവിഷണൽ ഓഫീസുകളിൽ മൂന്നു വീതം അപേക്ഷകളും ഒരേ മൊബൈൽ നന്പർ രേഖപ്പെടുത്തി വിവിധ ഏജൻസികൾ ആർഡി ഓഫീസുകളിൽ തരംമാറ്റത്തിനായി അയച്ചു. ചില സ്വകാര്യ വ്യക്തികളും ഏജൻസികളും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട വസ്തുവിന്റെ ഉടമകളെ കണ്ടെത്തി അവരുമായി ധാരണയിലായ ശേഷം ആർഡി ഓഫീസുകളിൽ ഭൂമി തരംമാറ്റത്തിന് അപേക്ഷിച്ചതായും ഇത്തരം അപേക്ഷകളിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേടുകൾ നടത്തിയതായും കണ്ടെത്തി.
50 സെന്റിൽ കൂടുതലുള്ള ഭൂമി തരം മാറ്റുന്പോൾ 10 ശതമാനം ജല സംഭരണത്തിനായി മാറ്റിവയ്ക്കണമെങ്കിലും പലയിടത്തും ഇതു ലംഘിക്കുന്നു. തിരുവനന്തപുരം, നെടുമങ്ങാട്, കൊല്ലം, പുനലൂർ, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, പാലാ, ഫോർട്ട് കൊച്ചി, മൂവാറ്റുപുഴ, പാലക്കാട്, ഒറ്റപ്പാലം, കാഞ്ഞങ്ങാട്, വടകര, മലപ്പുറം, പെരിന്തൽമണ്ണ ആർഡിഒകളിൽ ഇത്തരം ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
ഇടുക്കി, പാലക്കാട് ആർഡിഒകളിൽ 2017നു ശേഷം ആധാരം ചെയ്ത വസ്തുക്കളും തരം മാറ്റി. ഇടുക്കിയിൽ ഒരു അപേക്ഷകന്റെ രണ്ട് ഏക്കറോളം ഭൂമി തുച്ഛമായ തുക ഈടാക്കി തരം മാറ്റി നൽകി. മാനന്തവാടിയിൽ യഥാർഥ ഉടമയുടെ അറിവില്ലാതെ ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കുന്നതിന് അപേക്ഷ സമർപ്പിച്ചു.
പല ആർഡി ഓഫീസുകളിലും സ്ഥല പരിശോധന ആവശ്യമാണെന്നു കാണിച്ച് മാസങ്ങളായി അപേക്ഷ മാറ്റിവച്ചതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.