തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്നേറ്റം തുടര്‍ന്ന് മലപ്പുറം ജില്ല. റെഗുലര്‍ വിഭാഗത്തില്‍ എല്ലാ സ്ട്രീമുകളിലുമായി ആകെ 5654 വിദ്യാര്‍ഥികളാണ് ജില്ലയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് ജില്ലയില്‍ 4614 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
ഫുള്‍ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം-3458, കൊല്ലം-3353, പത്തനംതിട്ട-932, ആലപ്പുഴ-1899, കോട്ടയം-2283, ഇടുക്കി-1216, എറണാകുളം-3689, തൃശൂര്‍-3907, പാലക്കാട്-2600, വയനാട്-813, കണ്ണൂര്‍-3427, കാസര്‍ഗോഡ്-1192, ഗള്‍ഫ് മേഖല-81, ലക്ഷദ്വീപ്-12, മാഹി-112.
മുന്നില്‍ സയന്‍സ് ഗ്രൂപ്പുകാര്‍
പരീക്ഷയില്‍ വിജയശതമാനം ഏറ്റവും കൂടുതല്‍ സയന്‍സ് ഗ്രൂപ്പിലെ വിദ്യാര്‍ഥികള്‍ക്ക്. സയന്‍സ് ഗ്രൂപ്പില്‍ 1,89,411 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ ഇവരില്‍ 1,60,696 പേരും ഉപരിപഠനത്തിന് യോഗ്യത നേടി (വിജയ ശതമാനം 84.84).
ഹ്യുമാനിറ്റീസില്‍ 76,235 പേര് പരീക്ഷയെഴുതിയപ്പോള്‍ 51,144 പേരാണ് വിജയിച്ചത് (വിജയശതമാനം 67.09). കൊമേഴ്സില്‍ പരീക്ഷ എഴുതിയ 1,09,109 പേരില്‍ 83,048 പേരും വിജയിച്ചു(വിജയശതമാനം 76.11). ടെക്നിക്കല്‍ സ്കൂളില്‍ 1494 പേര് പരീക്ഷയെഴുതിയപ്പോള്‍ 1046 പേര് വിജയിച്ചു (വിജയശതമാനം 70.01).
ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തിലും സയന്‍സ് ഗ്രൂപ്പിലാണ് വിജയശതമാനം കൂടുതല്‍. 2412 പേര് പരീക്ഷയെഴുതിയപ്പോള്‍ 2052 പേര് വിജയിച്ചു (വിജയശതമാനം 85.07). ഹ്യുമാനിറ്റീസില്‍ 20677 പേര് പരീക്ഷയെഴുതിയപ്പോള്‍ 7965 പേര് വിജയിച്ചു (വിജയശതമാനം 38.52). കൊമേഴ്സില്‍ 12,988 പേര് പരീക്ഷയെഴുതിയപ്പോള്‍ 4635 പേര് വിജയിച്ചു.(വിജയശതമാനം 35.69).
മികവില്‍ പെണ്‍കുട്ടികള്‍
പരീക്ഷയില്‍ എല്ലാ വിഭാഗത്തിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ പെണ്‍കുട്ടികള്‍ ഏറെ മുന്നില്‍.
സയന്‍സ് ഗ്രൂപ്പില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 31,214 പേരില്‍ 23,384 പേരും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളുടെ എണ്ണം 7830. ഹ്യുമാനിറ്റീസില്‍ ഫുള്‍ എ പ്ലസ് നേടിയ 2753 പേരില്‍ 2395 പേരും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളുടെ എണ്ണം 358. കൊമേഴ്സില്‍ 5275 പേര് ഫുള്‍ എ പ്ലസ് നേടിയപ്പോള്‍ അതില്‍ 3939 പേരും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളുടെ എണ്ണം 1336.
ടെക്നിക്കല്‍ സ്കൂളില്‍ ഫുള്‍ എ പ്ലസ് നേടിയ 73 പേരില്‍ 34 പേരും പെണ്‍കുട്ടികളാണ്. ഈ വിഭാഗത്തില്‍ 39 ആണ്‍കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.