ട്രംപ്–തായ് വാൻ ഫോൺ കോൾ: അമേരിക്കയെ ചൈന പ്രതിഷേധം അറിയിച്ചു
ട്രംപ്–തായ് വാൻ ഫോൺ കോൾ: അമേരിക്കയെ ചൈന പ്രതിഷേധം അറിയിച്ചു
Saturday, December 3, 2016 1:45 PM IST
ബെയ്ജിംഗ്: കീഴ്വഴക്കം ലംഘിച്ച് തായ് വാൻ പ്രസിഡന്റ് സായ് ഇംഗ്വെൻസുമായി നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പത്തു മിനിറ്റ് ഫോൺ സംഭാഷണം ചൈന–യുഎസ് ബന്ധം ഉലച്ചു. ചൈന ഔദ്യോഗികമായി യുഎസിനോടു പരാതിപ്പെട്ടു. തെരഞ്ഞെടുപ്പു വിജയത്തിൽ തന്നെ അനുമോദിക്കാൻ തായ്്വാൻ പ്രസിഡന്റാണ് ഫോൺ വിളിച്ചതെന്നു ട്രംപ് ട്വീറ്റ് ചെയ്തു.

ഏക ചൈനാ നയത്തിൽ ഉറച്ചുനിൽക്കാൻ അമേരിക്ക തയാറാവണമെന്ന് ആവശ്യപ്പെട്ട ചൈനീസ് വിദേശകാര്യ വക്‌താവ് ഗെംഗ് ഷുവാങ് തായ്വാൻ ചൈനയുടെ അവിഭാജ്യഘടകമാണെന്ന് ചൂണ്ടിക്കാട്ടി. ചൈനാ–യുഎസ് ബന്ധങ്ങളുടെ രാഷ്ര്‌ടീയ അടിസ്‌ഥാനം ഏകചൈന നയമാണെന്നും ഷുവാങ് ഓർമിപ്പിച്ചു. 1979ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറാണ് തായ്വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ചൈനയുടെ ഭാഗമാണ് തായ്വാൻ എന്ന് അംഗീകരിച്ച് ബെയ്ജിംഗുമായി നയതന്ത്രബന്ധം സ്‌ഥാപിച്ചത്. 1979നുശേഷം അമേരിക്കൻ പ്രസിഡന്റുമാർ ആരും തായ്വാൻ പ്രസിഡന്റുമാരുമായി ഔദ്യോഗിക സംഭാഷണം നടത്തിയിട്ടില്ല. എന്നാൽ തായ്്വാനുമായി യുഎസ് വാണിജ്യബന്ധം തുടരുന്നുണ്ട്. തായ്്വാനു യുഎസ് കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങൾ വിൽക്കുന്നുണ്ട്.

തായ്വാനെ ചൈനീസ് വൻകരയുടെ വിഘടിത പ്രവിശ്യയായി കരുതുന്ന ബെയ്ജിംഗ് ഭരണകൂടം ബലംപ്രയോഗിച്ച് തായ്വാനെ പിടിച്ചെടുക്കുമെന്നു നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നതാണ്. തായ്്വാന്റെ സ്വാതന്ത്ര്യം അംഗീകരിക്കില്ലെന്നും പലവുരു വ്യക്‌തമാക്കിയിട്ടുണ്ട്.


തായ്വാനു സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയുടെ ടിക്കറ്റിൽ ജയിച്ച തായ്വാൻ പ്രസിഡന്റ് സായിയോടു ചൈനയ്ക്കു മമതയില്ല. ഇതേസമയം, ട്രംപിന്റെ ഫോൺകോൾ യുഎസിന്റെ ചൈനാ നയത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നു വൈറ്റ്ഹൗസ് പ്രതികരിച്ചു.

ട്രംപുമായി നേരത്തേ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് സംസാരിച്ചിരുന്നു. ട്രംപ് ചുമതലയേറ്റശേഷം യുഎസ്–ചൈനാ ബന്ധം സുഗമമായി മുന്നോട്ടുകൊണ്ടുപോകാമെന്നു കരുതിയ ബെയ്ജിംഗിന് ഇപ്പോഴത്തെ ഫോൺകോൾ കല്ലുകടിയായി. ട്രംപിന്റെ ലക്ഷ്യങ്ങൾ ഇനി ചൈന സംശയത്തോടെയേ വീക്ഷിക്കുകയുള്ളുവെന്നു വിശകലന വിദഗ്ധർ കരുതുന്നു.ട്രംപിന്റെ ഫോൺകോൾ വിപരീത ഫലമുണ്ടാക്കുന്നത് ഇതാദ്യമല്ല. അടുത്തയിടെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി നടത്തിയ ഫോൺസംഭാഷണവും വിവാദം സൃഷ്ടിച്ചിരുന്നു. ഷരീഫിനെ മുക്‌തകണ്ഠം പ്രശംസിച്ച ട്രംപ് പാക്കിസ്‌ഥാന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.