പ്രീക്വാർട്ടർ പ്രണോയ്
Wednesday, January 8, 2025 11:48 PM IST
ക്വാലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ചൊവ്വാഴ്ച സ്റ്റേഡിയത്തിന്റെ മേൽക്കൂര ചോർന്നതിനെത്തുടർന്ന് നിർത്തിവച്ച മത്സരം ഇന്നലെ പുനരാരംഭിക്കുകയായിരുന്നു.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ പ്രണോയ് 21-12, 17-21, 21-15ന് കാനഡയുടെ ബ്രിയാൻ യംഗിനെ മറികടന്നു. ആദ്യ ഗെയിം അനായാസം നേടി രണ്ടാം ഗെയിമിലും പ്രണോയ് മുന്നിട്ട് നിൽക്കുന്പോഴാണ് മേൽക്കൂരയ്ക്കു ചോർച്ചയുണ്ടായത്.
വനിതാ സിംഗിൾസിൽ മാളവിക വൻസോത് 21-15, 21-16 എന്ന സ്കോറിന് മലേഷ്യയുടെ ജിൻ വീ ഗോയെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കടന്നു. മികസ്ഡ് ഡബിൾസിൽ ധ്രുവ് കപില- ടനീഷ ക്രാസ്റ്റോ സഖ്യം ദക്ഷിണ കൊറിയയുടെ സുംഗ് ഹ്യൂൻ കൊ- ഹെയ് വണ്‍ യോം സഖ്യത്തെ 21-13, 21-14ന് അനായാസം മറികടന്ന് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
മറ്റൊരു മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സതീഷ് കുമാർ കരുണാകരൻ- ആദ്യ വരിയത് സഖ്യം അഷിത് സൂര്യ- അമൃത പ്രമുതേഷ് സഖ്യത്തെ 21-13, 21-15 സ്കോറിന് മറികടന്ന് അവസാന 16ൽ ഇടംപിടിച്ചു.
ശേഷം നിരാശ
അതേസമയം, ഇന്ത്യയുടെ ലക്ഷ്യ സെൻ 14-21, 7-21ന് ചൈനീസ് തായ്പേയയുടെ യു ജെൻ ചിയോട് തോൽവി ഏറ്റുവാങ്ങി. പ്രിയാൻഷു രജവത്തിനെ 11-21, 16-21 ന് മറികടന്ന് ചൈനയുടെ ഷി ഫെങും പ്രീക്വാർട്ടറിൽ കടന്നു. പ്രണോയിയാണ് ഷി ഫെങിന്റെ എതിരാളി.
വനിത ഡബിൾസിലും നിരാശ. എട്ടാം സീഡായ ഇന്ത്യയുടെ ടനീഷ ക്രാസ്റ്റോ- അശ്വനി പൊന്നപ്പ സഖ്യം ജപ്പാന്റെ മിസാകി മറ്റ്സുടുമോ- ചിഹരു ഷിദ സഖ്യത്തോട് 21-23, 12-21ന് തോൽവി വഴങ്ങി. രുത്പർണ പാണ്ഡെ- ശ്വേതപർണ പാണ്ഡെ സഖ്യം തായ്ലൻഡിന്റെ ബന്യപ്പ് എയിംസാർഡ്- നുന്ദകാരൻ എയിംസാർഡ് സഖ്യത്തോട് 17-21, 10-21 ന് പൊരുതാൻപോലും കഴിയാതെ വീണു.