അവര്‍ അണിഞ്ഞൊരുങ്ങി, ഹൃദയം കവരുമ്പോള്‍; വീഡിയോ
Friday, November 8, 2024 3:48 PM IST
ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്റെ പര്യായമായ പേരാണ് സബ്യസാചി മുഖര്‍ജി. ഇന്ത്യന്‍ പൈതൃകത്തില്‍ വേരൂന്നിയതും സമകാലിക അഭിരുചിയില്‍ ഉള്‍പ്പെട്ടതുമായ അദ്ദേഹത്തിന്റെ വിശിഷ്ടമായ ഡിസൈനുകള്‍ ലോകമെമ്പാടുമുള്ള വധുക്കള്‍ക്കും ഫാഷന്‍ പ്രേമികള്‍ക്കും പ്രിയപ്പെട്ടതാണ്.
അദ്ദേഹം ഇന്ത്യന്‍ ബ്രൈഡല്‍ വസ്ത്രങ്ങളെ പുനഃര്നിര്വചിച്ചു ഒരു ആഗോള പ്രതിഭാസമാക്കി മാറ്റി എന്നാണ് ആരാധകര്‍ പറയാറുള്ളത്.
അടുത്തിടെ ലക്നോവിലെ ഒരു കൂട്ടം നിരാലംബരായ കുട്ടികള്‍ സബ്യസാചിയുടെ സമ്പന്നമായ ഡിസൈനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അണിഞ്ഞൊരുങ്ങുകയുണ്ടായി. ഈ ഐക്കണിക് ബ്രൈഡല്‍ വസ്ത്രങ്ങളിൽ കുട്ടികള്‍ നെറ്റിസണ്‍സിന്റെ മനം കവര്‍ന്നു.
"ഇന്നൊവേഷന് ഫോര്‍ ചേഞ്ച്' എന്ന എന്‍ജിഒ പങ്കിട്ട ക്ലിപ്പില്‍ കുറച്ച് കുട്ടികള്‍ അണിഞ്ഞൊരുങ്ങി വരുന്നത്. കാണാം. ചുവപ്പ് ചൂടിയ അവര്‍ തങ്ങളുടെ ഇടുങ്ങിയ വീട്ടില്‍ നിന്നും വഴിവക്കില്‍ നിന്നും സ്റ്റൈലിഷ് ആയി നമുക്ക് മുന്നില്‍ എത്തുന്നു. 12 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇത്തരത്തില്‍ എത്തുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്ത എന്‍ജിഒ വിശദീകരിച്ചത് ഈ ചേരിയിലെ നിരവധി കുട്ടികള്‍ക്ക് തങ്ങള്‍ സൗജന്യ വിദ്യാഭ്യാസം നല്കുന്നു എന്നാണ്. വളരെ ദരിദ്രരും നിസഹായരുമായ കുടുംബങ്ങളില്‍ നിന്നുള്ള ഈ കുട്ടികള്‍ തന്നെയാണത്രെ ഈ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.
അവരുടെ സര്‍ഗാത്മകതയിലൂടെ ഡിസൈനര്‍ വസ്ത്രങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചതാണത്രെ. അത് എന്തായാലും വിജയം കണ്ടിരിക്കുന്നു...നെറ്റിസണ്‍സ് ഇവരെ പുകഴ്ത്തുകയുണ്ടായി. "വലിയ കഴിവുളള്ളവര്' എന്നാണൊരാള്‍ കുറിച്ചത്.