"ആകാശക്കാഴ്ച കാണാന്‍ സഹയാത്രികരെ നക്ഷത്രമെണ്ണിച്ച ചേട്ടന്'; ഒടുവില്‍
Friday, November 8, 2024 11:20 AM IST
കാര്യം തലയ്ക്ക് മുകളിലൂടെയാണ് പോകുന്നതെങ്കിലും ഏറ്റവും അപകടം പിടച്ച ഒന്നുകൂടിയാണ് വിമാനത്തിലെ സഞ്ചാരം. ഒരു ചെറിയ കിളി വിചാരിച്ചാല്‍ പോലും വിമാനം അപകടത്തില്‍പ്പെടാം.
എന്നാല്‍ ഇതിലും വലിയ പ്രശ്നമാണ് വിമാന റാഞ്ചികളും വേറിട്ട "ആകാശ വഴക്കാളികളും'. സ്ഥലകാലബോധമില്ലാതെ ആകാശത്ത്വച്ച് വഴക്കിടുന ഇത്തരക്കാര്‍ പലപ്പോഴും മറ്റ് യാത്രികര്‍ക്ക് ഭീഷണിയാകാറുണ്ട്. ഇപ്പോഴിതാ വിമാനമധ്യേ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ച ഒരു യാത്രക്കാരന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
നവംബര്‍ അഞ്ചിന് കോപ്പ എയര്‍ലൈന്‍സ് നടത്തുന്ന ഒരു വിമാനത്തിലായിരുന്നു സംഭവം. ബ്രസീലിലെ ബ്രസീലിയയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പനാമയിലെ പനാമ സിറ്റിയിലേക്ക് പോവുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുമ്പോഴായിരുന്നു സംഘര്‍ഷം.
ഒരു യാത്രക്കാരന് അപ്രതീക്ഷിതമായി വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. തുറക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റിനെ ബന്ദിയാക്കാന്‍ പോലും ഇയാള്‍ ശ്രമിച്ചു.
എന്നാല്‍ ഇത്തരത്തില്‍ വാതില്‍ തുറന്നാല്‍ ഉണ്ടാകുന്ന വലിയ അപകടത്തെ കുറിച്ച് മറ്റ് യാത്രക്കാര്‍ ബോധവാന്മാരായിരുന്നു. ബാഹ്യവായു വളരെ ഉയര്‍ന്ന വേഗതയില്‍ വിമാനത്തിലേക്ക് പ്രവേശിച്ചാല്‍ എന്തുംതന്നെ സംഭവിച്ചേക്കാം. അതിനാല്‍ത്തന്നെ അവര്‍ ഈ അക്രമിയെ നേരിട്ട്.
ഒരു പ്ലാസ്റ്റിക് കത്തി എടുത്ത് ഈ അഭ്യാസങ്ങള്‍ നടത്തികൊണ്ടിരുന്ന ഇയാള്‍ക്ക് ഇത്രയും ആളുകളോട് പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. ആളുകള്‍ ഇയാളുമായി വഴക്കിടുകയും മര്‍ദിച്ച് കീഴ്പ്പെടുത്തുകയും ചെയ്തു. സംഭവം കാമറയില്‍ പതിഞ്ഞതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
എന്തായാലും പനാമ സിറ്റിയില്‍ വിമാനം സുരക്ഷിതമായി ഇറങ്ങി. ശേഷം ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. യാത്രക്കാരെയും ജീവനക്കാരെയും കോപ്പ എയര്‍ലൈന്‍സ് അധികൃതരും നെറ്റിസണ്‍സും അഭിനന്ദിക്കുകയുണ്ടായി.