"ഹമ്മേ'; എ.ആര്.റഹ്മാന്റെ പാട്ട് കേട്ട് അന്തംവിടുന്ന കുട്ടി
Monday, November 4, 2024 2:39 PM IST
സംഗീതപ്രേമികളുടെ എല്ലാം മനസില്‍ വലിയ സ്ഥാനമുള്ള ആളാണല്ലൊ എ.ആര്. റഹ്മാന്. ഓസ്കാര്‍ പുരസ്കാരം വരെ നേടിയ അദ്ദേഹം ലോകമെമ്പാടും ആരാധകരുള്ള ഒരാളാണ്. സംഗീതസംവിധായകന് എന്ന നിലയില്‍ മാത്രമല്ല ഗായകന് എന്ന നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.
അടുത്തയിടയില്‍ ഹിറ്റായ "അടങ്കാത അസുരന് താന്‍' എന്ന ഗാനത്തില്‍ അദ്ദേഹം പാടിയ "ഉസിരേ' എന്ന ഭാഗം ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആലാപനത്തില്‍ ഒരു കൊച്ചുകുട്ടി ഞെട്ടിപ്പോകുന്ന കാഴ്ച നെറ്റിസണ്‍സിനിടെ ഹിറ്റാകുന്നു.
ഇന്‍സ്റ്റഗ്രാമിലെത്തിയ വീഡിയോ പറയുന്നത് ഡല്‍ഹിയില്‍ നടന്ന "കഥകര്‍ ഇന്റര്‍നാഷണല്‍ സ്റ്റോറിടെല്ലേഴ്സ് ഫെസ്റ്റിവലിന്റെ 16-ാമത് എഡിഷനെ' കുറിച്ചാണ്. ഈ ചടങ്ങില്‍ റഹ്മാനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നു.
പരിപാടിക്കിടെ അദ്ദേഹത്തിനൊപ്പം ഒരു കൊച്ചുപെണ്‍കുട്ടിയും വേദിയിലിരുന്നു. അവതാരിക ആ കുട്ടിയോട് അവളുടെ ഏറ്റവും പ്രിയങ്കരമായ റഹ്മാന് സോംഗ് ഏതാണെന്ന് ചോദിക്കുന്നു. കുട്ടി "ഹമ്മ ഹമ്മ' എന്നുത്തരം പറയുന്നു. ഈ സമയം അദ്ദേഹം ആ ഗാനത്തിന്റെ ഹിന്ദി വേര്‍ഷന്‍ ആലപിക്കുന്നു.
അദ്ദേഹത്തിന്റെ ആലാപനം കേട്ട് അദ്ഭുതപരതന്ത്രയായ കുട്ടി റഹ്മാനെ നോക്കിയിരിക്കുന്നു. അദ്ദേഹം ഗാനത്തിലെ ചിലഭാഗങ്ങള്‍ ഹൃദ്യമായി ആലപിക്കുന്നു. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അദ്ദേഹവും ആശ്ചര്യപ്പെടുകയും ആവേശഭരിതനായി,' എന്നാണൊരാള്‍ കുറിച്ചത്.