റീൽസെന്ന് വിചാരിച്ചു; കാമുകൻ യുവതിയെ മർദിക്കുന്നതു ജനക്കൂട്ടം നോക്കിനിന്നു
Saturday, November 2, 2024 3:46 PM IST
പെട്രോൾ പമ്പിൽ യുവതിക്കു കാമുകന്റെ ക്രൂരമർദനം. സംഭവം കണ്ടു ധാരാളം പേർ ചുറ്റുംകൂടിയെങ്കിലും ആരും ഇടപെടാൻ തയാറായില്ല. ആളുകൾ കരുതിയത് റീൽസ് ചിത്രീകരിക്കുന്നതാകും എന്നാണ്.
പിന്നീട്, അങ്ങനെയല്ല സംഭവം എന്നറിഞ്ഞിട്ടും ആരും ഇടപെട്ടില്ലത്രെ! ചിലർ സംഭവം തങ്ങളുടെ മൊബൈൽ കാമറയിൽ പകർത്തുകയും ചെയ്തു.
സാഹിബാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആർത്തലയിലെ പെട്രോൾ പമ്പിലാണു സംഭവം. ബൈക്കിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ യുവാവും കാമുകിയും തമ്മിൽ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമാവുകയും തുടർന്നു കാമുകിയെ യുവാവ് അടിക്കുകയുമായിരുന്നു.
അടിയേറ്റു നിലത്തുവീണ കാമുകിയെ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു യുവാവ്. നിലത്തുവീണു കിടക്കുന്ന യുവതി കേണപേക്ഷിച്ചിട്ടും യുവാവ് മർദനം തുടരുകയായിരുന്നു. മർദനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.യുവാവിനെതിരേ വൻ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.