"ഇവിടെ ഏത് വാഹനവും പറക്കും'; ഗുരുഗ്രാമിലെ നിരത്തില്‍ സംഭവിക്കുന്നത്
Thursday, October 31, 2024 2:47 PM IST
നിരത്തില്‍ അപകടം പതിയിരിക്കുന്നതിനാല്‍ ശ്രദ്ധിച്ച് സഞ്ചരിക്കണമല്ലൊ. എന്നാല്‍ തീരേ അപ്രതീക്ഷിതമായി അപകടങ്ങള്‍ കടന്നുവരാം. അത് ചിലപ്പോള്‍ ജീവന്‍തന്നെ കവര്‍ന്നേക്കാം. എന്നാല്‍ ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു നിരത്തില്‍ ഇത്തരം അപകട സാധ്യത ഒരുക്കുന്നത് അധികാരികള്‍ തന്നെയാണ്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്സ് റോഡില്‍ ഒരു സ്പീഡ് ബ്രേക്കര്‍ ഉള്ളതായി കാണാം. എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും അതിനടുത്തില്ല. ഫലത്തില്‍ വാഹനങ്ങള്‍ പറക്കുകയാണ്.
ദൃശ്യങ്ങളില്‍ അതിവേഗത്തിലെത്തുന്ന ഒരു ബിഎംഡബ്ല്യു കാര്‍ ഈ സ്പീഡ് ബ്രേക്കര്‍ കാരണം പറന്നുനില്ക്കുന്നതായി കാണാം. ആ വാഹനം അത്ര നല്ലതായതിനാൽ അപകടം സംഭവിക്കുന്നില്ല. പിന്നീട് രണ്ട് ട്രക്കുകള്‍ ഇവിടെ എത്തുകയും സമാനമായ രീതിയില്‍ പൊന്തച്ചാടുകയും ചെയ്യുന്നു. ആ സമയം വലിയ പൊടിപടലങ്ങള്‍ അവിടെ നിറയുന്നു.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേര്‍ വിമര്‍ശനവുമായി എത്തി. ഇതോടെ ഗുരുഗ്രാം മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അഥോറിറ്റി ഇടപെട്ടു. അവര്‍ "സ്പീഡ് ബ്രേക്കര്‍ എഹെഡ്' എന്ന മുന്നറിയിപ്പ് സൈന്‍ബോര്‍ഡ് അവിടെ സ്ഥാപിച്ചു. എന്തായാലും ഇനി വാഹനങ്ങള്‍ക്ക് അവിടെവച്ച് ചിറക് മുളയ്ക്കില്ലെന്ന് പ്രതീക്ഷിക്കാം...