ക്രൂരവിനോദം; നായയുടെ വാലില്‍ കെട്ടി പടക്കം പൊട്ടിക്കുന്ന "സൈക്കോകള്‍'
Thursday, October 31, 2024 10:32 AM IST
മനഃസാക്ഷി ലവലേശമില്ലാത്ത കുറച്ചാളുകളുണ്ട്. അവര്‍ക്ക് സ്വന്തം ആനന്ദമല്ലാതെ മറ്റൊന്നും കാര്യമല്ല. ഇത്തരക്കാര്‍ മറ്റുള്ളവരെ വല്ലാതെ ബുദ്ധിമുട്ടിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ഇവന്മാര് മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ചെടികള്‍ക്കുമൊക്കെ ദോഷം ചെയ്യും.
ഇപ്പോഴിതാ ഇത്തരത്തില്‍ മനോവൈകൃതമുള്ള കുറച്ചാളുകളുടെ ചെയ്തി സമൂഹ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നു. എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരു നായയേയും കുറച്ചാളുകളേയും കാണാം.
ഇവരില്‍ രണ്ടാളുകള്‍ നായയേ ബലമായി പിടിച്ചിരിക്കുന്നു. ശേഷം ഒരു യുവാവ് നായയുടെ വാലില്‍ പടക്കം കെട്ടിവെച്ച് കത്തിക്കുന്നു. നായ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല. പടക്കത്തിന് തിരികൊളുത്തിയതോടെ അവര്‍ അതിനെ വിടുന്നു.
ആ നായ പ്രാണനുംകൊണ്ട് പായുമ്പോള്‍ മറ്റ് ചിലരുടെ ചിരിയുടെ ശബ്ദം കേള്‍ക്കാം. സംഭവത്തില്‍ മൃഗത്തിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
നിരപരാധിയായ നായയെ ദ്രോഹിക്കുന്ന ഇത്തരം ദുഷ്പ്രവൃത്തിയില്‍ നെറ്റിസണ്‍സ് രൂക്ഷമായി പ്രതികരിച്ചു. പടക്കം ആ മനുഷ്യരുടെ മേല്‍ കെട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. "ഇത്തരം കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം' എന്നാണൊരാള്‍ കുറിച്ചത്.