പാക്കിസ്ഥാന് വിദ്യാര്‍ഥികളുടെ വട്ടംകറക്കുന്ന തമാശ; അപകടകരമെന്ന് നെറ്റിസണ്‍സ്
Wednesday, October 30, 2024 3:15 PM IST
ചില തമാശകളാകാം ചിലരുടെ ജീവിതം തകര്‍ത്തുകളയുന്നത്. അങ്ങനെയൊക്കെ ആണെങ്കിലും ഇത്തരം അപകടകരമായ തമാശകള്‍ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു. അത്തരമൊന്ന് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പാക്കിസ്ഥാനില്‍ നിന്നും പ്രത്യക്ഷപ്പെടുകയുണ്ടായി.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങള്‍ അലി ഹസനും സാക്കി ഷായും ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. "സുപ്പീരിയര്‍ യൂണിവേഴ്സിറ്റിയിലെ രസകരമായ നിമിഷങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ എത്തിയത്.
ലാഹോറിലെ പാക്കിസ്ഥാന് സുപ്പീരിയര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ സഹപാഠികളുമായി കാട്ടുന്ന അഭ്യാസമാണ് ദൃശ്യങ്ങളിലെ ഇതിവൃത്തം. രണ്ടുപേര്‍ പുറം തിരിഞ്ഞുനില്‍ക്കുന്ന ഒരു വിദ്യാര്‍ഥിയെ കൈകള്ക്കുള്ളലാക്കി വട്ടംകറക്കി നിര്‍ത്തുന്നതാണ് കാര്യം.
പലരും കൃത്യമായി തലകീഴ്മേല്‍ മറിഞ്ഞ് നില്‍ക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ താഴെ വീഴുന്നു. ഈ സമയം ചുറ്റുമുള്ളവര്‍ ചിരിയോടെ നില്ക്കുന്നു. ദൃശ്യങ്ങള്‍ വൈറലായെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പലരും വിമര്‍ശനവുമായി രംഗത്തെത്തി. "ഒരു ചെറിയ കൈപ്പിഴ ആളിന്റെ ജീവന്‍തന്നെ ഇല്ലാതാക്കും' എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്...