ദീപാവലി വ്യത്യസ്തമാക്കാന്‍ ക്യുആര്‍ കോഡ്-പ്രചോദിതമായ രംഗോലി ഡിസൈന്‍; വീഡിയോ
Wednesday, October 30, 2024 11:54 AM IST
വിളക്കുകളുടെ ഉത്സവമായ ദീപാവലി നമ്മുടെ നാട്ടിലാകെ പ്രകാശം പരത്തുകയാണല്ലൊ. ഇരുട്ടിനുമേല്‍ പ്രകാശം നേടിയ വിജയത്തെ ഘോഷിക്കുന്ന ഈ ഉത്സവം സാധാരണ കാര്‍ത്തിക മാസത്തില്‍ ആണ് എത്തുക.
അഞ്ചോ ആറോ ദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷം ആളുകള്‍ വലിയ രീതിയില്‍ കൊണ്ടാടാറുണ്ട്. പണ്ട് സമ്മാനങ്ങളും മധുരവും കൈനീട്ടവുമൊക്കെ ആയി ആളുകള്‍ ഇത്തരം ഉത്സവങ്ങളെ കളര്‍ഫുള്‍ ആക്കുമായിരുന്നു. കാലം സാങ്കേതികവിദ്യയുടേത് ആയപ്പോള്‍ ആഘോഷങ്ങളും ഹൈടെക്ക് ആയി.
അടുത്തിടെ ഇന്‍സ്റ്റഗ്രാമിലെത്തിയ ഗൂഗിൾ ക്യുആര്‍ കോഡ്-തീം ദീപാവലി നെറ്റിസണ്‍സിന്റെ ശ്രദ്ധ കവരുകയാണ്. രംഗോലി രൂപകല്‍പ്പനയില്‍ ഗൂഗിള്‍ നിറങ്ങളും പേയ്മെന്റ് സ്കാന്‍ കോഡും ഉപയോഗിച്ച് തയാറാക്കിയ ഈ ജിപേ ആളുകളില്‍ കൗതുകമുണര്‍ത്തി.
ദൃശ്യങ്ങളില്‍ ഒരാള്‍ ഈ ജിപേ രംഗോലിക്ക് സമീപം എത്തുന്നു. അവിടെ എഴുതിയിരിക്കുന്ന "പ്രവേശിക്കാന്‍ ഷാഗുണിനെ അയയ്ക്കുക' എന്നത് അദ്ദേഹം വായിക്കുന്നു. ശേഷം തന്റെ മൊബൈലില്‍ ക്യുആര്‍ കോഡ്-തീം ദീപാവലി രംഗോലി സ്കാന്‍ ചെയ്യുന്നു. പിന്നീട് 501 രൂപ അതിലേക്ക് അയയ്ക്കുന്നു. അപ്പോള്‍ ഒരാള്‍ എത്തി ഹസ്തദാനം നല്‍കുകയും അകത്തേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.
വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ വൈറലുമായി മാറി. അതിഥികളില്‍ നിന്ന് പണമടയ്ക്കാന്‍ ഇത്തരമൊരു സര്‍ഗാത്മക രംഗോലി എങ്ങനെ നിര്‍മിക്കാമെന്ന് പലരുമിപ്പോള്‍ എഐയോട് തിരക്കുകയാണ്. "കലാപരവും ബുദ്ധിപരവുമായ ബാര്‍കോഡ്' എന്നാണൊരാള്‍ ഈ ക്യുആര്‍ കോഡിനെ വിശേഷിപ്പിച്ചത്.