സൂപ്പ് പങ്കിടാന്‍ വെയ്റ്ററെ ക്ഷണിക്കുന്ന ചേട്ടായി; "ഫേക്ക് നന്മ' എന്ന് നെറ്റിസണ്‍സ്
Monday, September 9, 2024 2:31 PM IST
ചില മനുഷ്യര്‍ അവരുടെ നല്ല പ്രവൃത്തികളാല്‍ നമ്മുടെ ഹൃദയം കവരാറുണ്ടല്ലൊ. പ്രതീക്ഷിക്കാത്ത ആളുകള്‍ക്കായി എന്തെങ്കിലും ചെയ്തു അവരുടെ കണ്ണുനിറയ്ക്കുന്ന പലരുമുണ്ട്. സമൂഹ മാധ്യമങ്ങളുടെ കാലത്ത് അത്തരം നിരവധി ദൃശ്യങ്ങള്‍ നമുക്ക് മുന്നില്‍ എത്താറുമുണ്ട്.
എന്നാല്‍ ചിലര്‍ ലൈക്കുകള്‍ക്കും പ്രശസ്തിക്കുമായി മനഃപൂര്‍വം വീഡിയോകള്‍ സൃഷ്ടിക്കാറുണ്ട്. അത്തരക്കാര്‍ കുറച്ചെങ്കിലും കൈയടി നേടുന്നു എന്നതാണ് വാസ്തവം. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു സൂപ്പ് വീഡിയോയും ഇത്തരത്തില്‍ സംശയം ജനിപ്പിച്ചു.
വീഡിയോയില്‍ ഒരാള്‍ മുന്തിയ ഒരു ഹോട്ടലില്‍ ഇരിക്കുന്നു. ഈ സമയം ഒരു വെയ്റ്റര്‍ സൂപ്പുമായി എത്തുന്നു. ഹുസൈന് മന്‍സൂരി എന്നയാള്‍ പങ്കിട്ട വീഡിയോയില്‍ വെയ്റ്റര്‍ രണ്ട് കപ്പ് സൂപ്പുമായിട്ടാണ് വരുന്നത്.
ഉപഭോക്താവ് വെയ്റ്ററോട് ആഹാരം കഴിച്ചൊ എന്ന് തിരക്കുന്നു. ഇല്ല എന്ന് പറയുമ്പോള്‍ തനിക്കൊപ്പം ഇരുന്ന് സൂപ്പ് കഴിക്കാന്‍ ആവശ്യപ്പെടുന്നു. വെയ്റ്റര്‍, തുടക്കത്തില്‍ മടിച്ചുനില്‍ക്കുന്നു. ഒടുവില്‍ ഇരിക്കാന്‍ സമ്മതിക്കുന്നു.
രണ്ടാളും ആഹാരം കഴിക്കുന്നതിനിടെ അയാള്‍ വെയ്റ്ററുമായി സംഭാഷിക്കുന്നു. താനും ഒരിക്കല്‍ വെയിറ്ററായി ജോലി ചെയ്തിരുന്നതായും ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഉള്ളവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അവസാനം അയാള്‍ വെയ്റ്റര്‍ക്ക് ടിപ്പും നല്‍കുന്നുണ്ട്.
ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഇദ്ദേഹത്തിന്റേത് സുവര്‍ണ ഹൃദയം' എന്നാണൊരാള്‍ കുറിച്ചത്. എന്നാലിത് ഫേക്ക് വീഡിയോ ആണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. "പുറത്തുള്ള ഒരു പാവപ്പെട്ടവനാണെങ്കില്‍ ആ സൂപ്പ് കഴിക്കാനുള്ള സാഹചര്യം കാണില്ല. പക്ഷെ ആ ഹോട്ടലിലെ വെയ്റ്റര്‍ക്ക് അതുക്കും മേലെ വിലയുള്ള സൂപ്പ് കഴിക്കാന്‍ കഴിയും' എന്നാണൊരാള്‍ കുറിച്ചത്.