പല്ലു തേക്കുന്നതിനിടെ അബദ്ധത്തിൽ ടൂത്ത്ബ്രഷ് വിഴുങ്ങി യുവതി
Wednesday, November 13, 2024 12:25 PM IST
പല്ല് തേയ്ക്കുന്നതിനിടെ നാൽപ്പതുകാരി 20 സെന്റിമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസംമുട്ട് ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം ടൂത്ത്ബ്രഷ് നീക്കം ചെയ്യുകയും ചെയ്തു.
മഹാരാഷ്ട്രയിലെ പുനെയിലാണു സംഭവം. പല്ല് തേയ്ക്കുന്നതിനിടെ നാവ് വൃത്തിയാക്കുന്പോൾ ടൂത്ത് ബ്രഷ് അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. യുവതിയുടെ വയറിനുള്ളിലേക്ക് ടൂത്ത് ബ്രഷ് പ്രവേശിച്ചതോർത്ത് ആശ്ചര്യപ്പെട്ടെന്ന് ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. അഭിജീത് കരാഡ് പറഞ്ഞു.
ഇത്തരത്തിലുള്ള സംഭവം അപൂർവമാണ്. സ്കീസോഫ്രീനിയ, ബുളിമിയ, അല്ലെങ്കിൽ അനോറെക്സിയ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരിൽ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കരാഡ് പറഞ്ഞു.