"വീഡിയോ ചതിച്ചു ഗയ്സ്'; കഞ്ചാവ് വളര്‍ത്തിയ ദമ്പതികള്‍ കുടുങ്ങി
Tuesday, November 12, 2024 3:30 PM IST
സൈബര്‍ ലോകമല്ലെ അപ്പോള്‍ അയല്‍പ്പക്കം എന്നതിന് അതിരില്ലല്ലൊ. നമ്മുടെ വീട്ടിലും മുറ്റത്തുമൊക്കെ എന്തൊക്കെയുണ്ടെന്ന് അറിയിക്കണമെങ്കില്‍ റീല്‍സ് തന്നെ വേണം. ഇത്തരത്തില്‍ റീല്‍സ് എടുത്തപ്പോള്‍ പണി കിട്ടിയാലൊ, അതും എട്ടിന്റെ.
അത്തരമൊരു കാര്യമാണിത്. ബംഗളൂരുവിലെ സദാശിവനഗറിലെ എംഎസ്ആര്‍ നഗറില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഈ പണി ലഭിച്ചത്. അവര്‍ സിക്കിം സ്വദേശികളാണത്രെ. സാഗര്‍ ഗുരുംഗ് (37), ഭാര്യ ഊര്‍മിള കുമാരി (38) എന്നിവരാണവര്‍.
അടുത്തിടെ ഇവര്‍ തങ്ങളുടെ പൂന്തോട്ടത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയുണ്ടായി. സാഗര്‍ ഒരു ചെറിയ ഭക്ഷണശാല നടത്തുന്ന ആളാണ്. എന്നാല്‍ വീട്ടമ്മയായ ഊര്‍മിള അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
ഊര്‍മിള തങ്ങള്‍ താമസിക്കുന്ന ഇടത്തെ വേറിട്ട ചെടികളൊക്കെ നെറ്റിസണ്‍സിനെ കാട്ടി. എന്നാല്‍ ചെറിയൊരു ട്വിസ്റ്റ് ഉണ്ടായി. ഈ പൂക്കള്‍ക്കും ചെടികള്‍ക്കുമിടയില്‍ കഞ്ചാവുമുണ്ടായിരുന്നു. ഇത് വൃത്തിയായി നാട്ടുകാര്‍ കണ്ടു. അധികാരികള്‍ അവരെ പൊക്കി.
സിക്കിമിലെ നാംചി ജില്ലയില്‍ നിന്നുള്ള ഈ ദമ്പതികളെ പോലീസ് കുടഞ്ഞു. ആദ്യം കഞ്ചാവിനെ കുറിച്ച് അവര്‍ പറഞ്ഞില്ല. എന്നാല്‍ സമ്മര്‍ദം ഏറിയപ്പോള്‍ കഞ്ചാവ് കൃഷി ചെയ്തതായി സമ്മതിച്ചു. ചെടികള്‍ നീക്കം ചെയ്ത ഡസ്റ്റ്ബിന്‍ പോലീസിനെ കാണിക്കുകയും ചെയ്തു.
മൊത്തത്തില്‍ 17 പാത്രങ്ങള്‍ പോലീസ് കണ്ടെത്തി. അതില്‍ രണ്ടെണ്ണത്തില്‍ കഞ്ചാവ് ഉണ്ടായിരുന്നു. 54 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ദമ്പതികള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വളര്‍ത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
നിലവില്‍ കഞ്ചാവ് വില്ക്കാന് ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരേ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. എന്തായാലും റീല്സുവഴി അവര്‍ ഇപ്പോള്‍ കേസിലാണ്.