ഈ നഗരത്തിലെ വീട്ടുവാടകയും ഡെപ്പോസിറ്റും..., ഞെട്ടി യുവതി
Tuesday, November 12, 2024 2:51 PM IST
ബംഗളൂരു എന്ന് കേള്‍ക്കുമ്പോഴെ തിരക്കാണല്ലൊ മനസില്‍ തെളിയുക. അത്രയേറെ ജനങ്ങളും വന്‍ കമ്പനികളുമൊക്കെ ആ നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. ഇവിടെ ഏറ്റവും പ്രയാസമുള്ള രണ്ടു കാര്യം, ഒന്ന് റോഡിലൂടെയുള്ള സുഗമ സഞ്ചാരം മറ്റൊന്ന് ഒരു വാടകവീട് കണ്ടെത്തല്‍ എന്നിവയാണ്.
ഇപ്പോഴിതാ ഒരു വീട്ടുടമ തന്നോട് ചോദിച്ച വാടകയുടെയും ഡെപ്പോസിറ്റിന്റെയും കണക്ക് നെറ്റിസണ്‍സിന് മുന്നില്‍ ഒരു യുവതി കാട്ടിത്തരുന്നു. ഹര്‍നിദ് കൗര്‍ എന്ന യുവതിയാണ് ഈ കാര്യം പങ്കുവച്ചത്. 40,000 രൂപ വാടകയും അഞ്ചുലക്ഷം ഡെപ്പോസിറ്റുമാണത്രെ വീട്ടുടമ ഈ യുവതിയോട് ആവശ്യപ്പെട്ടത്.
ഇത് തന്നെ നിരാശപ്പെടുത്തിയതായി കൗര്‍ പറഞ്ഞു. ഇതവരുടെ മാത്രം അനുഭവമല്ലെന്ന് നെറ്റിസണ്‍സില്‍ പലരും പറഞ്ഞു. ഏഴിരട്ടിയും പത്തിരട്ടിയുമൊക്കെ പലരും ചോദിച്ചിട്ടുണ്ടത്രെ. "ഡെപ്പോസിറ്റ് തിരിച്ച് തരേണ്ടതല്ലെ. പിന്നെ എന്തിനാണ് ഇത്രയും തുക അവര്‍ ആവശ്യപ്പെടുന്നത്' എന്നാണൊരാള്‍ ചോദിക്കുന്നത്.