17,000 വർഷം പഴക്കമുള്ള അസ്ഥികൂടം ഗുഹയിൽ കണ്ടെത്തി; കുഞ്ഞിന്റേത്
Tuesday, November 12, 2024 1:49 PM IST
അത്ഭുതപ്പെടുത്തുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഇറ്റലിയിലെ ഗവേഷകർ. മോണോപോളിക്കടുത്തുള്ള ഗ്രോട്ട ഡെല്ലെ മുറ ഗുഹയിൽ നടത്തിയ ഖനനത്തിനിടെ ലഭിച്ച അസ്ഥികൂടാവശിഷ്ടങ്ങൾ പതിനേഴായിരത്തോളം വർഷം മുൻപു ജീവിച്ചിരുന്ന ഒന്നര വയസുകാരന്റേതാണെന്നാണു കണ്ടെത്തൽ.
1998ലാണ് ഈ മൃതശരീരം കണ്ടെത്തിയതെങ്കിലും ഇതുമായി ബന്ധപ്പെട്ട പഠനഫലങ്ങൾ ഇപ്പോഴാണു പുറത്തുവരുന്നത്. ഗുഹയ്ക്കുള്ളിൽ രണ്ടു പാറക്കല്ലുകൾക്കിടയിലായിരുന്നു മൃതദേഹാവശിഷ്ടം. ഡിഎൻഎ പരിശോധനയിൽ 16 മാസം മാത്രം പ്രായമുള്ള ആൺകുട്ടിയുടേതാണു മൃതദേഹമെന്നും ഹൃദ്രോഗം ബാധിച്ചാണു കുഞ്ഞ് മരിച്ചതെന്നും തിരിച്ചറിഞ്ഞു.
ഇരുണ്ട തവിട്ടു മുടിയും കറുത്ത നിറവും നീലക്കണ്ണുകളുമാണു കുഞ്ഞിന് ഉണ്ടായിരുന്നത്. ഗർഭാവസ്ഥയിൽ കുട്ടിയുടെ അമ്മയ്ക്ക് കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെട്ടിരുന്നുവെന്നും പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
സ്വന്തം കുടുംബാംഗത്തിൽനിന്നുതന്നെയാണു കുട്ടിയുടെ അമ്മ ഗർഭം ധരിച്ചിരുന്നതെന്നാണു മറ്റൊരു കണ്ടെത്തൽ. ഹിമയുഗത്തിനുശേഷമുണ്ടായിരുന്ന വില്ലബ്രൂണ ഗോത്രത്തിൽപെട്ടതാണു കുഞ്ഞ് എന്നാണ് അനുമാനം.
"ശ്രദ്ധേയമായ നേട്ടം' എന്നാണ് ഈ കണ്ടെത്തലുകളെ ഫ്ലോറൻസ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞ അലസാന്ദ്ര മോദി വിശേഷിപ്പിച്ചത്.