കോടികൾ തട്ടിച്ചു, പ്ലാസ്റ്റിക് സർജറിയും നടത്തി; എന്നിട്ടും യുവതി പിടിയിലായി
Thursday, October 31, 2024 12:57 PM IST
വിമാനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 1.77 കോടി രൂപ തട്ടിയെടുത്ത ചൈനീസ് യുവതി തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് സർജറി നടത്തിയശേഷം രാജ്യം വിട്ടെങ്കിലും വർഷങ്ങൾക്കുശേഷം പോലീസ് പിടിയിലായി.
സർനെയിം സീ എന്നുള്ള മുപ്പതുകാരിയാണു തട്ടിപ്പ് നടത്തി കുടുങ്ങിയത്. 2016നും 2019 നും ഇടയിലായിരുന്നു ഇവരുടെ തട്ടിപ്പ്. വിമാനക്കമ്പനികളുമായി ബന്ധമുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങുകയായിരുന്നു.
ഇവരുടെ അർധ സഹോദരിയടക്കം നിരവധിപ്പേർ തട്ടിപ്പിന് ഇരയായി. പരാതിയും അന്വേഷണവും വന്നതോടെ തിരിച്ചറിയാതിരിക്കാനായി പ്ലാസ്റ്റിക് സർജറി നടത്തുകയും ബാങ്കോക്കിലേക്കു കടക്കുകയുമായിരുന്നു. പതിവായി മുഖം മറച്ചാണു സീ എല്ലായിടത്തും പ്രത്യക്ഷപ്പെട്ടിരുന്നത്. അനധികൃത കുടിയേറ്റക്കാരിയാണെന്നു സംശയിച്ച അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ പാസ്പോർട്ട് നിയമസാധുതയില്ലാത്തതാണെന്നു കണ്ടെത്തി. തായ് ഇമിഗ്രേഷൻ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിൽ ചൈനയിൽ ഇവർ നടത്തിയ തട്ടിപ്പുകൾ പുറത്തുവരികയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.