ചൈനയിൽ വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ല! വിദേശികളെ തേടാൻ നിർദേശം
Thursday, October 31, 2024 12:35 PM IST
ചൈനയിൽ വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ലാത്ത അവസ്ഥയ്ക്കു പരിഹാരം നിർദേശിച്ച് രാജ്യത്തെ ഒരു പ്രഫസർ രംഗത്ത്. വിവാഹിതരാകാതെ കഴിയുന്ന 35 ദശലക്ഷം പുരുഷന്മാർ തങ്ങൾക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ വിദേശവനിതകളെ ആശ്രയിക്കണമെന്നാണ് ചൈനയിലെ ഷിയാമെൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ അസോസിയേറ്റ് പ്രഫസറായ ഡിംഗ് ചാങ്ഫെ നിർദേശിക്കുന്നത്.
റഷ്യ, കംബോഡിയ, വിയറ്റ്നാം, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് ചൈനയിലെ പുരുഷന്മാർക്കു പരിഗണിക്കാമെന്ന് അദ്ദേഹം പറയുന്നു. പ്രഫസറുടെ നിർദേശം ചൈനയിലെ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായി.
പുരുഷന്മാർ ഈ നിർദേശത്തോടു യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സ്ത്രീകളിലേറെയും വിയോജിപ്പാണ് രേഖപ്പെടുത്തിയത്. വിവാഹത്തിനായി വിദേശയുവതികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തിനു സമാനമാണെന്നാണു സ്ത്രീകളുടെ വാദം. ഭാഷാപരമായും സാംസ്കാരികപരമായും ദന്പതികൾ തമ്മിൽ അകലം വരുമെന്നതിനാൽ കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴാനുള്ള സാധ്യത അധികമാണെന്ന അഭിപ്രായവും ഉയർന്നു.
യുവാക്കൾക്കു വിവാഹം കഴിക്കാൻ പങ്കാളികളെ കിട്ടാത്തതിനു പ്രധാന കാരണമായി പറയുന്നത് ചൈനയിലെ ജനസംഖ്യയിൽ സ്ത്രീ-പുരുഷ അനുപാതത്തിലെ വലിയ വ്യത്യസമാണ്. 2020ലെ ദേശീയ ജനസംഖ്യാ സെൻസസ് പ്രകാരം ചൈനയിൽ സ്ത്രീകളേക്കാൾ 34.9 ദശലക്ഷം അധികമാണു പുരുഷന്മാർ.
ഉയർന്ന "വധുവില'യും (വിവാഹം കഴിക്കുമ്പോൾ വധുവിന് വരൻ നൽകേണ്ടി വരുന്ന പണം) പരമ്പരാഗത വിവാഹത്തിനുള്ള അംഗീകാരം കുറയുന്നതുമാണ് ഗ്രാമീണ യുവാക്കൾക്കു പങ്കാളികളെ കിട്ടാത്തതിനു മറ്റൊരു കാരണം.