ലണ്ടന്‍ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട അപൂര്‍വപക്ഷികള്‍; മൈലുകള്‍ക്കപ്പുറത്തെ പൂന്തോട്ടത്തില്‍
Wednesday, October 30, 2024 2:55 PM IST
നമ്മുടെ ഭൂമിയില്‍ പലതരം ജീവജാലങ്ങളുണ്ടല്ലൊ. അവയില്‍ ചിലത് വംശനാശ ഭീഷണിയിലാണല്ലൊ. അങ്ങനെയുള്ളതിനെ നമ്മള് പ്രത്യേകം സംരക്ഷിക്കും. എന്നിരുന്നാലും അവയില്‍ പലതും രക്ഷപ്പെട്ട് ഓടിപ്പോകും.
അത്തരത്തില്‍ വംശനാശഭീഷണി നേരിടുന്ന രണ്ട് തത്തകള്‍ ലണ്ടന്‍ മൃഗശാലയില്‍ നിന്ന് പറന്നുപോവുകയുണ്ടായി. മക്കാവുകളായ ലില്ലിയും മാര്‍ഗോട്ടും ആണ് ഒക്ടോബര്‍ 21ന് പറന്നുപോയത്.
ഈ ജോഡിയെ കണ്ടെത്തുന്നതിനായി ലണ്ടന്‍ മൃഗശാല തീവ്രമായ തിരച്ചില്‍ നടത്തി. എന്തിനേറെ ഒരു ഔദ്യോഗിക പ്രസ്താവന പോലും പുറത്തിറക്കി. ഈ പക്ഷികളെ കണ്ടെത്തിയാല്‍ വിവരം നല്‍കണമെന്നും ആഹാരം നല്‍കരുതെന്നും അധികൃതര്‍ പറഞ്ഞു. കാരണം സൂര്യകാന്തി വിത്തുകള്‍, പരിപ്പ് തുടങ്ങിയവയൊക്കെയാണ് അവ കഴിക്കുക. മറ്റ് ഭക്ഷണങ്ങള്‍ ചിലപ്പോള്‍ അവയ്ക്ക് ദോഷം ചെയ്യാം.
ലണ്ടന്‍ വളരെ ശബ്ദായമാനമായതിനാല് മറ്റ് പക്ഷികളുടെ വിളികളിലൂടെ തങ്ങളുടെ വഴി കണ്ടെത്താന്‍ ലില്ലിക്കും മാര്‍ഗോട്ടിനും ആകില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അങ്ങനിരിക്കെ കഴിഞ്ഞദിവസം കേംബ്രിഡ്ജ്ഷെയറിലെ ഒരു കുടുംബം തങ്ങളുടെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നോക്കുമ്പോള്‍ അതാ ഇരിക്കുന്നു മക്കാവുകളായ ലില്ലിയും മാര്‍ഗോട്ടും. അവര്‍ ഉടനടി ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചു.
തുടര്‍ന്ന് മൃഗശാലയിലെ പക്ഷിപാലകര് സ്ഥലത്തെത്തി. എന്നാല്‍ ഇവരെ കണ്ടതോടെ ഈ രണ്ട് പക്ഷികളും പറന്നുപോയി. പക്ഷേ ഇവയെ ബ്രാംപ്ടണിലെ ഒരു വയലിലും പൊതുനടപ്പാതയിലും കണ്ടെത്തി. പക്ഷി സംരക്ഷകരില്‍ ഒരാള്‍ അവരുടെ അടുത്തെത്തിയപ്പോള്‍ രണ്ട് പക്ഷികള്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കൈകളിലേക്ക് പറന്നുവന്നു. തുടര്‍ന്ന് തത്തകള്‍ക്ക് മത്തങ്ങ വിത്തുകള്‍, വാല്‍നട്ട്, പെക്കന്‍സ് എന്നിവ നല്കി വീണ്ടും മൃഗശാലയിലേക്ക് കൊണ്ടുപോയി.
ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോള്‍ ഓണ്‍-സൈറ്റ് ഹോസ്പിറ്റലില്‍ ക്വാറന്റീനിലാണെന്നുമാണ് വിവരം. വൈകാതെ ഇവയെ മാതാപിതാക്കളായ പോപ്പിയുടെയും ഒല്ലിയുടെയും ഒപ്പം ചേര്‍ക്കും. ഈ പക്ഷികളുടെ ഗണത്തില്‍ 400 ഇനം പക്ഷികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് കണക്ക്...