മറവന്തുരുത്ത് വിളിക്കുന്നു; ഗ്രാമക്കാഴ്ചകളും സാഹസികതയും ആസ്വദിച്ചുള്ള യാത്രയ്ക്കായി...
സീമ മോഹന്‍ലാല്‍
Wednesday, October 30, 2024 2:12 PM IST
പച്ചപ്പും ചെറുഗ്രാമങ്ങളും കൊണ്ട് ചുറ്റപ്പെട്ട കോട്ടയം ജില്ലയിലെ മനോഹര ദ്വീപാണ് മറവന്തുരുത്ത്. മൂവാറ്റുപുഴയാറിൽ 3.5 കിലോമീറ്റര്‍ കനാലിലൂടെയുള്ള കയാക്കിംഗ്. കയാക്കിംഗിലുടനീളം കണ്ടാസ്വദിക്കാന്‍ പുഴയ്ക്ക് ഇരുവശത്തുമായി ഗ്രാമീണ ജീവിതങ്ങള്‍.
കയാക്കിംഗ് കഴിഞ്ഞെത്തുമ്പോള്‍ കഴിക്കാന്‍ സ്വാദിഷ്ടമായ നാടന്‍ വിഭവങ്ങള്‍... ഇവിടത്തെ ഗ്രാമക്കാഴ്ചകളും സാഹസികതയും ആസ്വദിച്ചുള്ള യാത്ര നവ്യാനുഭവമാക്കി മാറ്റി മടങ്ങുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
മൂവാറ്റുപുഴയാറിന്റെയും വേമ്പനാട്ടു കായലിന്റെയും ഇടയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമമാണിത്. ന്യൂയോര്‍ക്ക് ടൈംസ് 2023 ല്‍ ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ മറവന്തുരുത്തും ഉള്‍പ്പെട്ടിരുന്നു.
ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കേരളത്തിലെ ആദ്യ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയും ആര്‍ട്ട് സ്ട്രീറ്റ് പദ്ധതിയുമാണ് മറവന്തുരത്തിനെ വ്യത്യസ്തമാക്കുന്നത്. ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തിലാണ് മറവന്തുരുത്തില് വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് പദ്ധതികള്‍ സജ്ജമായത്.
ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ആര്‍ട്ട് സ്ട്രീറ്റ്
മറവന്‍തുരുത്തിലേക്ക് എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് റോഡിന് ഇരുവശങ്ങളിലും വീടുകളുടെ മതിലുകളില്‍ വരച്ച ചിത്രങ്ങളോടുകൂടിയ ആര്‍ട്ട് സ്ട്രീറ്റാണ്. ദ്വീപിന്റെ ജീവിതത്തെയും ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോ ചിത്രങ്ങളും. കക്ക വാരിയും തടിവെട്ടിയും ചികിരി പിരിച്ചും ജീവിതം മുന്നോട്ടുകൊണ്ടുപോയ ഗ്രാമീണരുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
കേരളത്തിലെ കലാരൂപങ്ങളും കാഴ്ച്ചക്കാര്‍ക്ക് മിഴിവേകുന്നു. അപൂര്‍വ പ്രാദേശിക പക്ഷികളുടെയും മത്സ്യങ്ങളുടെയും മറ്റ് കഥകളുടെയും ചിത്രങ്ങളുടെ ഒരു പരമ്പര ചുവര് ചിത്രങ്ങളുടെ ഭാഗമാണ്. ആര്‍ട്ട് സ്ട്രീറ്റ് പദ്ധതി കേരളത്തില്‍ ആദ്യമായി നടപ്പാക്കിയതും മറവന്തുരുത്തിലാണ്.
നാട്ടു തോടുകളിലൂടെ ഒരു രാത്രി സഫാരി
സൂര്യാസ്തമയ സമയത്ത് തോടുകളിലൂടെയുള്ള യാത്ര ഗംഭീര അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. തോടിന് ഇരുവശത്തുമുള്ള ഗ്രാമീണ ജീവിതങ്ങള്‍ കണ്ടറിഞ്ഞു കൊണ്ടുള്ള യാത്ര സഞ്ചാരികള്‍ക്ക് ഹൃദ്യാനുഭവമാണ്.
ഇരുവശത്തും ചൂടു ചായയും ചെറുകടികളുമായി ചെറിയ ചായക്കടകളുമുണ്ട്. പുഴയിലൂടെ കണ്ട്രി ബോട്ടിംഗ്, കോറക്കിള്‍ ബോട്ടിംഗ്, ശികാര ബോട്ട് എന്നിവയിലും യാത്ര ചെയ്യാം. ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട പത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് മറവന്തുരുത്ത്.
വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴയാറിന്റെ കൈവഴികളായ പുഴകളും 18 കനാലുകളുമാണ് ഇവിടെയുള്ളത്. ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ മുദ്രാവാക്യമായ "ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത്' എന്ന മാതൃകയില്‍ പങ്കാളിത്ത ടൂറിസം വികസന സമീപനമായാണ് ഇത് നടപ്പിലാക്കിയത്.
2022 ലെ ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന്റെ സ്ട്രീറ്റ് പ്രോജക്റ്റ് പ്രശംസിക്കപ്പെട്ടു, "ജലം സംരക്ഷിക്കുന്നതിനും ജലസുരക്ഷ മെച്ചപ്പെടുത്തുന്നതിനും വിതരണത്തിനും' അവാര്‍ഡ് ലഭിച്ചു.
സാഹസികത നിറഞ്ഞ കയാക്കിംഗ്
അല്പം സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിലും കയാക്കിംഗ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. മൂഴിക്കലും പഞ്ഞിപ്പാലത്തും നിന്ന് ആരംഭിക്കുന്ന കയാക്കിംഗ് അരിവാള്‍ തോട് ചുറ്റി മൂവാറ്റുപുഴയാറിലൂടെ സഞ്ചരിക്കും. 3.5 കിലോമീറ്ററോളം ദൂരം കയാക്കിംഗ് നടത്താം.
സൂര്യോദയം ഹൈലൈറ്റായുള്ള രാവിലെ 5.30 ന് ആരംഭിച്ച് ഒമ്പതിന് അവസാനിക്കുന്ന ട്രിപ്പുണ്ട്. സൂര്യാസ്തമയം ആകര്‍ഷണമായ കയാക്കിംഗ് ട്രിപ്പ് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ 6.30 വരെ നീളും. ഒരാള്‍ക്കും, രണ്ടുപേര്‍ക്കും നിന്നുതുഴയാവുന്ന എസ്യുപി തരത്തിലുള്ള മൂന്ന് കയാക്കുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മുവാറ്റുപുഴയാറിന്റെ കൈവഴികളിലൂടെ സ്വയം തുഴഞ്ഞുപോകുന്ന കയാക്കിങ്ങിലൂടെ 20 പേരുള്ള ഒരു ബാച്ചിനൊപ്പം 2 ട്രെയിനര്മാരുമുണ്ടാകും. ലൈഫ് ജാക്കറ്റ് ധരിക്കേണ്ട രീതിയും തുഴയേണ്ട രീതിയുമെല്ലാം അവര്‍ കൃത്യമായി പറഞ്ഞുതരും. അപകട സാധ്യത കുറവുള്ള പ്രദേശത്തെ വെളളത്തില്‍ ഇറക്കി ട്രെയിനിംഗ് നല്‍കും.
സിംഗിള്‍ കയാക്കും ഡബിള്‍ കയാക്കുമുണ്ട്. കുട്ടികളും കുടുംബവുമായി വരുന്നവര്‍ക്കുവേണ്ടിയാണ് ഡബിള്‍ കയാക്ക്. ട്രെയിനിങ്ങിനു ശേഷം സ്വയം തുഴഞ്ഞെത്തുന്നത് മൂവാറ്റുപുഴയാറിലേക്കാണ്. മുന്നിലും പുറകിലുമായി ഇന്സ്ട്രക്ടര്മാരുള്ളതുകൊണ്ടു നിര്‍ഭയമായി തുഴയാം. പുഴയ്ക്കു കുറുകെയുള്ള തുരുത്തുമ്മല്‍ തൂക്കുപാലത്തിനടിയിലൂടെ തുഴഞ്ഞെത്തുന്നത് തുരുത്തിനകത്തുള്ള തോടുകളിലേക്കാണ്.
ഉള്തോടുകളിലേക്കു പ്രവേശിക്കുന്നതോടെ യാത്രയില്‍ കൂടുതല്‍ സാഹസികത നിറയുന്നു.പ്രദേശവാസികള്‍ തോടിനു മുകളിലൂടെ സ്ഥാപിച്ചിട്ടുള്ള ചെറിയ തടിപ്പാലങ്ങള്ക്കടിയിലൂടെ വേണം മുന്നോട്ടു നീങ്ങാന്‍. വെള്ളത്തിനും പാലത്തിനുമിടയിലുള്ള ഉയരം കുറവായതിനാല്‍ തല കുനിക്കണം.
ഗ്രാമീണ കലാരൂപങ്ങള്‍
കുംഭ ഭരണി മുതല്‍ തീയാട്ട് വരെ നീളുന്ന ഉത്സവനാളുകളിലാണ് മറവന്‍തുരുത്തിലേക്ക് സഞ്ചാരികള്‍ കടൂതലായി എത്തുന്നത്. കുംഭം മുതല്‍ മേടം വരെയാണ് ഈ ഊത്സവം. അഞ്ച് നിറത്തിലുള്ള പൊടിക്കൊണ്ട് കളം വരച്ച് തീയാട്ടുണ്ണി എന്ന വിഭാഗത്തിലെ ആളുകള്‍ നൃത്തം വയ്ക്കുന്നതാണ് തീയാട്ട് ഉത്സവം. ആറ്റുവേലയും ഗരുഡന് തൂക്കവും സര്‍പ്പം തുള്ളലും കാണാന്‍ നിരവധിപ്പേരാണ് എത്താറുള്ളത്. ആയോധനകലാരൂപമായ കളരി അഭ്യസിക്കാനും ഇവിടെ സൗകര്യമുണ്ട്.
കയര്‍ നിര്‍മാണം, ഓലമെടയല്‍, പപ്പട നിര്‍മാണം എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. രൂചികരമായ നാടന്‍ ഭക്ഷ്യവിഭവങ്ങളും ലഭ്യമാണ്.
എത്തിച്ചേരാന്‍
വൈക്കം-എറണാകുളം റൂട്ടില്‍ ടോള്‍ ജംഗ്ഷനില്‍നിന്ന് പാലാംകടവ് റൂട്ടിലേക്ക് അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഞ്ഞിപ്പാലത്തെത്താം. കുലശേഖരമംഗലം ക്ഷേത്രത്തിന് സമീപം ആറ്റുവേലക്കടവ് റോഡിലേക്ക് കയറി അരക്കിലോമീറ്റര്‍ യാത്ര ചെയ്താൽ മൂഴിക്കല്‍ വായനശാലയുടെ മുന്‍പിലെത്താം.
ഈ രണ്ട് സ്ഥലങ്ങളിലാണ് കയാക്കിംഗ് സ്റ്റാര്‍ട്ടിംഗ് പോയിന്റുകള്‍. തലയോലപ്പറമ്പില്‍നിന്ന് വരുകയാണെങ്കില്‍ പാലാംകടവ് ടോള്‍ റോഡില്‍ മൂന്ന് കിലോമീറ്ററോളം പിന്നിട്ടാല്‍ പഞ്ഞിപ്പാലത്ത് എത്താം.