കളഞ്ഞുപോയ മോതിരം അരനൂറ്റാണ്ടിനിപ്പുറം ഉടമയിലേക്കെത്തിയപ്പോള്...
Wednesday, October 30, 2024 12:50 PM IST
ചിലപ്പോള്‍ പ്രിയപ്പെട്ടതോ വിലപിടിപ്പുള്ളതോ ആയ വസ്തുക്കള്‍ കൈമോശം വരാം. എത്ര അന്വേഷിച്ചാലും അന്നേരമൊന്നും അത് കിട്ടുകയുമില്ല. കാലം എത്ര കഴിഞ്ഞാലും ആ നഷ്ടം ഒരു ചെറിയ വിഷമമായി ഉള്ളലുണ്ടാകും.
എന്നാല്‍ അപ്രതീക്ഷിതമായി അത്തരം നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിച്ചേക്കാം. അങ്ങനെയൊരു സംഭവത്തിന്റെ കാര്യമാണിത്. അമേരിക്കയിലാണ് ഇക്കാര്യം സംഭവിച്ചത്.
1964ല്‍ പെന്‍സില്‍വാനിയയിലെ യൂണിയന്ടൗണ് കണ്ട്രി ക്ലബ്ബില്‍ ഗോള്‍ഫ് കളിക്കുന്നതിനിടെ ലോറെന്‍സോ എന്നയാള്‍ക്ക് തന്റെ മോതിരം നഷ്ടപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പേര് കൊത്തിയ അമൂല്യമായ ഒന്നായിരുന്നത്. ഏറെ തിരഞ്ഞെങ്കിലും അത് കണ്ടെത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍ അടുത്തിടെ ഇതേ ക്ലബില്‍ ഗോള്‍ഫ് കളിക്കുന്നതിനിടെ മൈക്കല്‍ സെനര്ട്ട് എന്നൊരാള്‍ക്ക് ഈ മോതിരം ലഭിക്കുകയുണ്ടായി. ഒരു ബിയര്‍ ക്യാന്‍ ടാബ് ആണെന്നാണ് അദ്ദേഹം ആദ്യം ധരിച്ചത്. എന്നാല്‍ അത് പുറത്തെടുത്ത് കഴുകിയപ്പോള്‍ മോതിരമാണെന്ന് തിരിച്ചറിയുകയായിരുന്നു.
ആ 70 കാരന് ഈ മോതിരം പരിശോധിച്ചപ്പോള്‍ ഉടമയുടെ പേര് കണ്ടെത്തി. അത് യുഎസ് നേവല്‍ അക്കാദമിയിലെ 1964 ക്ലാസിലെ ഒരാളുടെ മോതിരമാണ് എന്ന് മൈക്കലിന് മനസിലായി. അതോടെ മോതിരം അതിന്റെ ഉടമയെ ഏല്‍പ്പിക്കാന്‍ മൈക്കല്‍ തീരുമാനിച്ചു.
ഒടുവില്‍ ലോറെന്‍സോയെ കണ്ടെത്തി അദ്ദേഹം ആ മോതിരം ഏല്പിച്ചു. എന്തായാലും അരനൂറ്റാണ്ട് മുന്‍പ് നഷ്ടമായ മോതിരം തിരികെ കിട്ടയ സന്തോഷത്തിലാണ് ലോറെന്‍സോ.