മനുഷ്യന് പ്രചോദനമായി; വാര്‍ധക്യമില്ലാത്ത "ഇമോര്‍ട്ടല്‍ ജെല്ലിഫിഷ്'
Wednesday, November 13, 2024 12:08 PM IST
ജീവജാലങ്ങൾ ജനനം, യുവത്വം, വാര്‍ധക്യം, മരണം എന്നീ സ്വാഭാവിക ചക്രം പിന്തുടരുന്നു. കാലങ്ങളായി മനുഷ്യര്‍ ആഗ്രഹിക്കുന്ന ഒന്നാണ് നിത്യയുവത്വം. അമരത്വവും ആളുകള്‍ കൊതിക്കുന്നുണ്ട്.
എന്നാല്‍ നാളിതുവരെ ഇക്കാര്യങ്ങളില്‍ പൂര്‍ണമായി വിജയിക്കാന്‍ മനുഷ്യകുലത്തിനായിട്ടില്ല. പ്ലാസ്മാ തെറാപ്പിയും മറ്റും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും കാലം മനുഷ്യനില്‍ ചുളിവ് നല്കിക്കൊണ്ടേയിരിക്കുന്നു.
ഇപ്പോഴിതാ ഈ "അമരത്വം' ഒരു ജീവി നേടിയിരിക്കുന്നു. ടൂറിറ്റോപ്സിസ് ഡോര്‍ണി എന്ന ഒരു ജെല്ലിഫിഷ് ആണിത്. ഈ ജെല്ലിഫിഷിനെക്കുറിച്ച് ഗവേഷകര്‍ നടത്തിയ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ സൂചിപ്പിക്കുന്നത്, മരണം ഒഴിവാക്കി വാര്‍ധക്യം മാറ്റാന്‍ ഇതിന് കഴിയുമെന്നാണ്. 'ഇമോര്‍ട്ടല്‍ ജെല്ലിഫിഷ്' എന്നറിയപ്പെടുന്ന ഇവയുടെ റിവേഴ്സ് ഏജിംഗ് ലോകമെമ്പാടും ചര്‍ച്ചയാവുകയാണ്.
നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ നടപടികളില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ടര്റിറ്റോപ്സിസ് ഡോര്ണിയുടെ ശ്രദ്ധേയമായ സ്വഭാവത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ മറ്റൊരു ഇനം ജെല്ലി ഫിഷിന്റെ ഈ സവിശേഷതയെ കുറിച്ചും പറയുന്നു.
മെനിമിയോപ്സിസ് ലെയ്ഡി എന്ന ഇത് ചീപ്പ് ജെല്ലിഫിഷ് എന്നും അറിയപ്പെടുന്നു. നോര്‍വേയിലെ ബെര്‍ഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ അവരുടെ ലാബ് ടാങ്കില്‍ അപ്രതീക്ഷിതമായിട്ടാണ് ഈ ജെല്ലിഫിഷിന്റെ സവിശേഷത കാണുന്നത്.
പ്രായമേറിയ ഒരു ചീപ്പ് ജെല്ലിഫിഷിനെ തിരഞ്ഞപ്പോഴാണ് അവിശ്വസനീയമായ ഈ കണ്ടെത്തലിലേക്ക് എത്തിയത്. ഒരു ലാര്വരൂപമായി മാറുന്നു അവ. ആഴ്ചകള്‍ക്കുള്ളില്‍ മത്സ്യം സ്വയം രൂപഭേദം വരുത്തുക മാത്രമല്ല, ഭക്ഷണപാനീയങ്ങളുടെ സ്വഭാവവും മാറുന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി.
ഏഴു ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചീപ്പ് ജെല്ലിഫിഷ് ഭൂമിയില്‍ വന്നത്. ഇതുവരെയുള്ള അതിന്റെ നിലനില്‍പ്പിന് കാരണം കാലത്തിലേക്ക് മടങ്ങാനുള്ള അതിശയകരമായ ഈ കഴിവാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
കൗതുകകരമായ ഈ കണ്ടെത്തല്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. ഭാവിയില്‍, സമാനമായ ശൈലിയില്‍ മനുഷ്യരിലും പ്രായമാകല്‍ പ്രക്രിയ തടയാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. കാത്തിരുന്നു കാണാം...