നൂഡില്‍സോ ബര്‍ഗറോ അല്ല; എല്ലാ ദിവസവും "പന്നിത്തീറ്റ' കഴിക്കുന്ന യുവതി
Friday, November 8, 2024 10:35 AM IST
ആരോഗ്യം നിലനിര്‍ത്തുന്നതിനായി ആളുകള്‍ സമീകൃത ആഹാരം ശ്രദ്ധിക്കാറുണ്ടല്ലൊ. ചിലര്‍ സസ്യഭുക്കുകളാകും. ചിലര്‍ മീന്‍ കൂടുതല്‍ കഴിക്കും. മറ്റുചിലര്‍ വറുത്തത് ഉപേക്ഷിക്കും. അങ്ങനെ പല കാര്യങ്ങളും ആളുകള്‍ ചെയ്യും. എന്നാല്‍ യൗവനക്കാര്‍ പലപ്പോഴും അവര്ക്കിഷ്ടമുള്ളതൊകെ അകത്താക്കും. മാറിയ കാലത്ത് നൂഡില്‍സോ ബര്‍ഗറോ മന്തിയൊ ഒക്കെ അവര്‍ കഴിക്കും.
എന്നാല്‍ ചൈനയിലുള്ള ഒരു യുവതിയുടെ ഭക്ഷണക്രമം കേട്ടാല്‍ ആരുമൊന്ന് നെറ്റിച്ചുളിക്കും. കാരണം നൂഡില്‍സോ ബര്‍ഗറോ അല്ല മറിച്ച് "പന്നിത്തീറ്റ'യാണ് ഇവര്‍ എല്ലാ ദിവസവും കഴിക്കുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയ ആയ ഡൗയിനില്‍ "കിംഗ് കോംഗ് ലിയുക്ക്' എന്ന് പേരുള്ള യുവതിയാണ് ഈ വിചിത്രശീലക്കാരി.
പണം ലാഭിക്കുന്നതിനായി താന്‍ ദിവസവും പന്നിത്തീറ്റ കഴിക്കുന്നതായി യുവതി തന്നെയാണ് വെളിപ്പെടുത്തിയത്. അവ തികച്ചും ആരോഗ്യകരവും പോഷകപ്രദവുമാണെന്ന് അവര്‍ അവകാശപ്പെടുന്നു. ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും പന്നിത്തീറ്റയിലുണ്ടത്രെ. പന്നിത്തീറ്റയില്‍ സോയാബീന്‍, നിലക്കടല, എള്ള്, ധാന്യം, വിറ്റാമിനുകള്‍ എന്നിവയുമുണ്ടുപോലും.
തനിക്ക് ഒരു ദിവസം മൂന്ന് യുവാന്‍ (35 രൂപ) മാത്രമേ ചെലവാകുന്നുള്ളു എന്നും യുവതി പറയുന്നു. പന്നി തീറ്റയുടെ ഒരു ബാഗ് 100 യുവാന്‍ (1,176 രൂപ) ആണെന്നും യുവതി കുറിക്കുന്നു. എന്തായാലും ഇവരുടെ ഭക്ഷണപ്പൊതി കണ്ട് ആകെ അമ്പരന്ന് നില്‍ക്കുകയാണ് നെറ്റിസണ്‍സ്...