മടിക്കൈയിൽ കണ്ടെത്തിയ ഗുഹയിൽ മനുഷ്യവാസത്തിന്റെ സൂചനകൾ
Thursday, October 24, 2024 2:00 PM IST
മടിക്കൈ പഞ്ചായത്തിലെ കുണ്ടറയിൽ 5000 ചതുരശ്രയടിയിലധികം വിസ്തൃതിയിൽ പ്രകൃതിദത്തമായി രൂപാന്തരപ്പെട്ട ഗുഹയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് മനുഷ്യാധിവാസമുണ്ടായിരുന്നതിന്റെ സൂചനകൾ കണ്ടെത്തി.
ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശൻ കാളിയാനം, ആർക്കിടെക്ട് നമ്രത ഗോപൻ എന്നിവർ നടത്തിയ നിരീക്ഷണത്തിലാണു പുരാതനമായ ഇരുമ്പായുധങ്ങൾ കൊണ്ട് കൊത്തിയതിന്റെയും ചുമരുകളിൽ കോറിയിട്ടതിന്റെയും അടയാളങ്ങൾ കണ്ടെത്തിയത്.
ഗുഹയുടെ മധ്യഭാഗത്ത് ഇരുപതടിയോളം ഉയരമുണ്ട്. വായുസഞ്ചാരത്തിനായി രണ്ടടി വ്യാസത്തിൽ മഹാശിലാ സ്മാരകങ്ങളായ ചെങ്കല്ലറകളുടേതിനു സമാനമായ ദ്വാരം നിർമിച്ചിട്ടുണ്ട്.
കൂടാതെ അൾത്താര പോലുള്ള രൂപം ഗുഹയുടെ മധ്യഭാഗത്തായി ചുമരിൽ കോറിയിട്ടിട്ടുണ്ട്. ഇതിലേക്ക് സൂര്യപ്രകാശം പതിക്കുന്ന രീതിയിൽ മുപ്പത് അടി ദൂരെയായി ഗുഹയുടെ മുകൾഭാഗത്ത് ചതുരാകൃതിയിലുള്ള സുഷിരവും കാണുന്നുണ്ട്.
ശിലായുഗ കാലഘട്ടത്തിലോ മഹാശിലായുഗത്തിലോ ഇവിടെ മനുഷ്യാധിവാസമുണ്ടായിരുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരാൻ പുരാവസ്തു വകുപ്പ് ശാസ്ത്രീയമായ പഠനങ്ങൾ നടത്തിയാൽ കഴിയുമെന്ന് ഡോ. നന്ദകുമാർ കോറോത്ത് പറഞ്ഞു.