ഷൂസ് മണക്കാന്‍ വീട്ടില്‍ അതിക്രമിച്ച് കയറുന്ന യുവാവ്; ജയിലിൽ
Wednesday, October 23, 2024 1:50 PM IST
പലതരം ഭവനഭേദന സംഭവങ്ങള്‍ നാം കേട്ടിരിക്കും. എന്നാല്‍ ഗ്രീസില്‍ നിന്നും ലോകം കേട്ട ഈ സംഭവം വളരെ വിചിത്രമാണ്. കാരണം ആരേയും ഉപദ്രവിക്കാനൊ യാതൊന്നും മോഷ്ടിക്കാനൊ അല്ലാതെ ഒരാള്‍ മറ്റുള്ളവരുടെ വീടുകള്‍ കുത്തിതുറക്കുന്നു.
28 കാരനായ ഈ വ്യക്തി ഷൂസ് മണക്കാന്‍ ആണത്രെ ഇത്തരത്തില്‍ അയല്‍ക്കാരുടെ വീടുകളില്‍ കയറുന്നത്. ഈ വിചിത്രമായ പെരുമാറ്റം നിമിത്തം ഇദ്ദേഹം ഒരു മാസത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. പോരാഞ്ഞ് ചികിത്സയ്ക്കും വിധേയനാകുന്നു.
ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, തെസലോനിക്കിയില് താമസിക്കുന്ന ആളാണ് ഇത്തരത്തില്‍ "കാല് ഫെറ്റിഷ്' എന്ന് സാധാരണയായി വിളിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാട്ടുന്നത്. പാദങ്ങളില്‍ നിന്നോ ഷൂകളില്‍ നിന്നോ ഒരു വ്യക്തിക്ക് ആനന്ദമോ ഉത്തേജനമോ ലഭിക്കുന്ന ഒരു അവസ്ഥയാണിത്.
ഒക്ടോബര്‍ എട്ടിന് വടക്കന്‍ ഗ്രീസിലെ സിന്‍ഡോസ് എന്ന പട്ടണത്തിലാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ച സംഭവമുണ്ടായത്. അന്നു പുലര്‍ച്ചെ, വീടിനു പുറത്ത് വച്ചിരുന്ന ഷൂസ് മണത്തുനോക്കിയ ആളെ അയല്‍ക്കാര്‍ പിടികൂടി. നിരുപദ്രവകരമെന്നു തോന്നിച്ചെങ്കിലും അയാളുടെ പെരുമാറ്റം അയല്‍വാസികളെ പരിഭ്രാന്തരാക്കി.
അയല്ക്കാര്ക്ക് അവ തികച്ചും പുതിയതായിരുന്നില്ല. എന്നാല്‍ ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ വിചിത്രമായ പെരുമാറ്റം. ഇതോടെയാണ് അവര്‍ കേസിനായി പോയത്. എന്നാല്‍ ഇതുവരെയും ഇയാള്‍ ആളുകളെ ഉപദ്രേവിക്കുകയൊ സാധാനങ്ങള്‍ തകര്‍ക്കുകയൊ ഒന്നും ചെയ്തിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിചിത്രമായ ശീലത്തെക്കുറിച്ച് അറിയാമായിരുന്നു. പക്ഷേ അവര്‍ക്കും അയാളെ തടയാന്‍ കഴിഞ്ഞില്ല.
കേസ് കോടതിയിലെത്തിയപ്പോള്‍ ഇക്കാര്യം ഈ മനുഷ്യന് സമ്മതിച്ചു. എന്നാല്‍ താന്‍ എന്തിനാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ നിര്‍ബന്ധിത പെരുമാറ്റം പല അവസരങ്ങളിലും തനിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ടെന്നും ആരെയും ദ്രോഹിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ജയില്‍ശിക്ഷയും നിര്‍ബന്ധിത തെറാപ്പിയും നല്‍കേണ്ടത് ആവശ്യമാണെന്ന് തെസലോനിക്കി കോടതി ഉറപ്പിച്ചു. നിലവില്‍ ഒരു മാറ്റത്തിനായുള്ള ചികിത്സയിലാണ് ആ മനുഷ്യന്...