മനുഷ്യനെ ഭക്ഷിക്കുന്ന ഗോത്രക്കാരെ സന്ദര്‍ശിച്ച ഇന്ത്യന്‍ വ്ലോഗര്‍
Wednesday, October 23, 2024 11:06 AM IST
സൈബറിടങ്ങളിലും മത്സരമുണ്ടല്ലൊ. തത്ഫലമായി പുതിയപുതിയ വേറിട്ട കണ്ടെന്റുകള് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണല്ലൊ വ്ലോഗര്‍മാര്‍. ഇന്ത്യന്‍ വ്ലോഗര്‍മാരും ഈ കാര്യത്തില്‍ വിഭിന്നരല്ല. വേറിട്ട കണ്ടെന്റുകള്‍ക്കായി ഏത് കുന്നുകയറാനും അവര്‍ തയാര്‍.
ഇപ്പോഴിതാ മനുഷ്യനെ ഭക്ഷിക്കുന്ന ഗോത്രക്കാരെ സന്ദര്‍ശിച്ച ഇന്ത്യന്‍ വ്ലോഗര്‍ ചര്‍ച്ചയാകുന്നു. ധീരജ് മീണ എന്ന വ്ലോഗര്‍ ആണ് ഈ സാഹസികന്. ഇദ്ദേഹം ഇന്തോനേഷ്യയിലെ കാടുകള്‍ സന്ദര്‍ശിച്ച് അവിടുള്ള കൊറോവായ് ഗോത്രക്കാരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.
നരഭോജികളായ ഗോത്രവംശജരാണ് കൊറോവായ്. കൊളുഫോ എന്നും വിളിക്കപ്പെടുന്ന കൊറോവായ് ഇന്തോനേഷ്യന്‍ പ്രവിശ്യകളായ സൗത്ത് പാപ്പുവയിലും ഹൈലാന്‍ഡ് പപ്പുവയിലും തെക്കുകിഴക്കന്‍ പപ്പുവയിലാണ് താമസിക്കുന്നത്. ബോവന് ഡിഗോയല് റീജന്‍സി, മാപ്പി റീജന്‍സി, അസ്മത് റീജന്‍സി, യഹുകിമോ റീജന്‍സി എന്നിവയുടെ അതിര്‍ത്തികളാല്‍ അവരുടെ ഗോത്രമേഖല വിഭജിച്ചിരിക്കുന്നു.
4,000 മുതല്‍ 4,400 വരെ ആളുകളാണ് ഈ വംശത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. 1970-കളുടെ അവസാനം വരെ, തങ്ങളല്ലാതെ മറ്റൊരു ജനതയുടെ അസ്തിത്വത്തെക്കുറിച്ച് കൊറോവായികള്ക്ക് അറിയില്ലായുന്നത്രെ.
കൊറോവായ് ഗോത്രക്കാര്‍ ഒറ്റപ്പെട്ട് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് മീണ പറയുന്നു. അവര്‍ വസ്ത്രം ധരിക്കില്ല. പുരുഷന്മാരും സ്ത്രീകളും അവരുടെ ആചാരപ്രകാരം വെവ്വേറെയാണ് താമസിക്കുന്നത്. അവര്‍ മൃഗങ്ങളെ വേട്ടയാടിയും മത്സ്യബന്ധനം നടത്തിയുമാണത്രെ കഴിയുന്നത്.
ഗോത്രവര്‍ഗക്കാരെ കാണാന്‍ താന്‍ വിമാനവും 10 മണിക്കൂര്‍ ബോട്ട് യാത്രയും ഇടതൂര്‍ന്ന കുറ്റിക്കാടുകളിലും കാട്ടിലും മണിക്കൂറുകളോളം ട്രെക്കിംഗും നടത്തിയെന്നും ധീരജ് മീണ പറയുന്നു. "നിങ്ങള്‍ മനുഷ്യരെയാണോ ഭക്ഷിക്കുന്നത്?' എന്നൊരു ചോദ്യം അയാള്‍ അവര്‍ക്കുമുന്നില്‍ നിരത്തുകയുണ്ടായി.
16 വര്‍ഷം മുമ്പ് വരെ തങ്ങളുടെ മുന്‍തലമുറ ഇത് കഴിച്ചിരുന്നത്രെ. എതിരാളികളെ പിടികൂടി കൊന്നതോടെയാണ് "മനുഷ്യഭക്ഷണം' ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ മനുഷ്യരെ തങ്ങള്‍ ഭക്ഷിക്കാറില്ലെന്നും അവര്‍ മീണയോട് പറയുന്നു. അത് ശരിയായിരിക്കും അതല്ലെങ്കില്‍ ഇതറിയിക്കാന്‍ മീണ കാണില്ലല്ലൊ എന്നാണ് നെറ്റിസണ്‍സ് പറയുന്നത്...