ഈ വിവാഹത്തിന് സമുദ്രജീവികള്‍ സാക്ഷി; തിരമാലകള്‍ക്ക് താഴെ അവിസ്മരണീയമായ ഒരു രംഗം
Monday, October 21, 2024 12:32 PM IST
വിവാഹം ഏറ്റവും അവിസ്മരണീയമാക്കണമെന്ന് പലരും കൊതിക്കും. എന്നാല്‍ പല കാരണങ്ങളാല്‍ ചിലര്‍ മാത്രം അത് പ്രാവര്‍ത്തികമാക്കും. അവര്‍ പാരമ്പര്യ വഴികളൊക്കെ വിട്ടുമാറും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരത്തിലുള്ള നിരവധി അനുഭവകഥകള്‍ നമുക്ക് മുന്നില്‍ എത്താറുണ്ട്.
ഇപ്പോഴിതാ സൗദ്യ അറേബ്യയില്‍ നടന്ന ഒരു വിവാഹം ഇത്തരത്തില്‍ ശ്രദ്ധ നേടുന്നു. ഹസ്സന് അബു അല്‍-ഓലയും യാസ്മിന് ദഫ്താര്ദാറും ആണ് ഈ വധൂവരന്മാര്. അവര്‍ കടലിന് അടിയിലാണ് വിവാഹിതരായത്. ജിദ്ദയ്ക്ക് സമീപത്തെ ചെങ്കടലിന്റെ അടിത്തട്ടായിരുന്നു അവരുടെ വിവാഹവേദി.
പവിഴപ്പുറ്റുകളും സമുദ്രജീവികളും നിറഞ്ഞ അന്തരീക്ഷത്തില്‍ അവര്‍ ഇരുവരും തങ്ങളുടെ പ്രണയം മുദ്രകുത്തി. ഈ ദമ്പതികള്‍ മുങ്ങല്‍ വിദഗ്ധരാണ് അതിനാലാണ് തങ്ങളുടെ വിവാഹം ചെങ്കടലില്‍ വെള്ളത്തിനടിയില്‍ ആയിരിക്കണമെന്ന് അവര്‍ തീരുമാനിച്ചത്.
ക്യാപ്റ്റന്‍ ഫൈസല്‍ ഫ്ലെംബന്റെ നേതൃത്വത്തിലുള്ള ഒരു പ്രാദേശിക ഡൈവിംഗ് ഗ്രൂപ്പ് ഈ ചടങ്ങില്‍ പങ്കെടുത്തു. വിവാഹശേഷം അവര്‍ അണ്ടര്‍വാട്ടര്‍ സെലിബ്രേഷന് സംഘടിപ്പിക്കുകയും ചെയ്തു. "ഇത് തീര്‍ച്ചയായും ഒരു അത്ഭുതമായിരുന്നു' എന്നാണ് വരനായ ഹസ്സന് അബു പറഞ്ഞത്. "മനോഹരവും മറക്കാനാവാത്തതുമായ അനുഭവം' എന്നാണ് വിവാഹത്തില്‍ പങ്കെടുത്ത ചിലര്‍ പറഞ്ഞത്.