പണിയൊന്നുമില്ല; എന്നിട്ടും മൂന്ന് ഭാര്യമാരും രണ്ട് കാമുകിയും, പോരാഞ്ഞ് പുതിയ പങ്കാളിയെ തിരയുന്നു
Friday, October 18, 2024 11:58 AM IST
നമ്മുടെ നാട്ടില്‍ കല്യാണപ്രായമായ പല യുവാക്കളും ഒരു വധുവിനായി നെട്ടോട്ടമാണ്. പോരാഞ്ഞ് മാതാപിതാക്കളും സ്വന്തക്കാരുമൊക്കെ തിരച്ചിലോട് തിരച്ചില്‍ ആയിരിക്കും. എന്നാല്‍ ചില രാജ്യത്ത് ഒന്നിലധികം വിവാഹങ്ങള്‍ ആളുകള്‍ ചെയ്യാറുണ്ട്.
ബഹുഭാര്യത്വം അവിടെയൊക്കെ നിയമപരമാണത്രെ. എന്നാല്‍ ജോലിയും കൂലിയും ഇല്ലാത്ത ഒരുത്തന് നാലഞ്ച് പെണ്ണുകെട്ടിയാലൊ. കേട്ടപ്പോള്‍ തന്നെ ഇവനൊക്കെ ആര് പെണ്ണ് കൊടുക്കുന്നു എന്ന ചോദ്യം പലര്‍ക്കും മനസിലുയര്‍ന്നു കാണും. പക്ഷെ സംഗതി സത്യമാണ് സുഹൃത്തെ.
അങ്ങ് ജപ്പാനിലുള്ള ഒരു വിരുതന്റെ ജീവിതകഥ ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നു. ഹോക്കൈഡോയില്‍ നിന്നുള്ള റ്യൂത വടാനബെ ആണ് ഈ വ്യക്തി. 36 കാരനായ ഇയാള്‍ക്ക് നിലവില്‍ മൂന്നു ഭാര്യമാരും രണ്ട് കാമുകിയും ഉണ്ടത്രെ.
ഇതിനകം10 കുട്ടികളുടെ പിതാവായ ഇയാള്‍ നാലാമതൊരു കല്യാണം കഴിക്കാനുള്ള തയാറെടുപ്പിലാണുപോലും. ഏറ്റവും രസകരമായ കാര്യം കഴിഞ്ഞ 10 കൊല്ലമായി ടിയാന് യാതൊരു ജോലിക്കും പോയിട്ടില്ല. പോരാഞ്ഞ് ഭാര്യമാരേയും കാമുകിമാരേയും ജോലിക്ക് വിട്ടാണത്രെ ഇയാള്‍ കഴിയുന്നത്.
ഏകദേശം 9,14,000 യെന്‍ (ഏകദേശം 5,00,000 രൂപ) വരുന്ന വീട്ടുചെലവുകള് റ്യൂത വടാനബെയുടെ പങ്കാളികള്‍ക്കിടയില്‍ പങ്കിടുന്നു. വീട്ടുജോലികളായ പാചകം, വൃത്തിയാക്കല്‍, കഴുകല്‍, കുട്ടികളെ പരിപാലിക്കല്‍ തുടങ്ങിയ വീട്ടുജോലികള്‍ ചെയ്യുന്ന അദ്ദേഹം ഒരു ഗൃഹനാഥന്റെ റോള്‍ പൂര്‍ണമായും ഏറ്റെടുത്തു.
നേരത്തെ ഇയാള്‍ക്ക് നാലു ഭാര്യമാരുണ്ടായിരുന്നത്രെ. പിന്നീട് തന്റെ നാലാമത്തെ ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞു. "വിവാഹത്തിന്റെ പ്രഭു' ആവുക എന്നതാണത്രെ ഇയാളുടെ ജീവിത ലക്ഷ്യം. 50ല്‍ പരം കുട്ടികളുടെ പിതാവായി മാറണമെന്നും വടാനബെ ആഗ്രഹിക്കുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വടാനബെ ഒരു വിഷാദരോഗി ആയിരുന്നു. ഇയാളുടെ കാമുകി ഉപേക്ഷിച്ചുപോയിരുന്നത്രെ. തുടര്‍ന്നാണ് ഡേറ്റിംഗ് ആപ്പുകള്‍ വഴി വിവിധ സ്ത്രീകളുമായി ഇയാള്‍ ചങ്ങാത്തം ആരംഭിച്ചത്. ജാപ്പനീസ് ടിവി ഷോയായ അബേമ പ്രൈമില്‍ പ്രത്യക്ഷപ്പെട്ട് തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ജപ്പാനില്‍ ബഹുഭാര്യത്വം നിയമവിരുദ്ധമാണെത്രെ. ഇതോടെ ഇയാളുടെ ജീവിതവും ലക്ഷ്യവും ചൂടേറിയ ചര്‍ച്ചായായി മാറി. ആളുകള്‍ അദ്ദേഹത്തിന്റെ ജീവിതരീതിയില്‍ ആശ്ചര്യപ്പെടുകയാണ്...