"വിറ്റഴിച്ചത്'താജ്മഹല്‍, രാഷ്ട്രപതിഭവന്, ചെങ്കോട്ട; അണ്ണന് കള്ളന്മാരിലെ കില്ലാഡി
Thursday, October 17, 2024 11:36 AM IST
നമുക്കിടയിലെ പ്രചുരച്രാരം നേടിയ കഥകളിലും സംഭവങ്ങളിലും ധാരാളം മോഷ്ടാക്കള്‍ ഉണ്ടല്ലൊ. അവരുടെ നിപുണതയും തനതായ ശൈലിയും നിമിത്തം പലരുടെയും ആരാധനപാത്രമാകാന് ഇത്തരക്കാര്ക്കായിട്ടുണ്ട് എന്നതൊരു സത്യമാണ്.
കായംകുളം കൊച്ചുണ്ണി മുതല്‍ വീരപ്പന്വരെ എത്രയെത്ര പേര് ഇത്തരത്തില്‍ താരങ്ങളായി വിലസിയിരിക്കുന്നു. നിയമത്തിന് മുന്നില്‍ ഇവര്‍ തെറ്റുകാരെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങളിലെ വ്യത്യസ്തത നിമിത്തം ആളുകള്‍ മറ്റ് കാര്യങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഇത്തരം ധാരാളംപേര്‍ ചരിത്രത്തിലുണ്ടെങ്കിലും ഇന്ത്യ കണ്ട ഏറ്റവും കില്ലാഡിയായ മോഷ്ടാവ് ഇവരാരുമല്ല.
ആ ആള് വല്ലാത്തൊരു ജന്മം തന്നെയായിരുന്നു. അങ്ങേര് വിദേശികളെ പറ്റിച്ച കഥ കേള്‍ക്കുന്നവര്‍ക്ക് അതിശയവും ചിരിയും വരുമെന്നതാണ് വാസ്തവം. ആ മനുഷ്യന്റെ പേര് മിഥിലേഷ് കുമാര്‍ ശ്രീവാസ്തവ എന്നായിരുന്നു. എന്നാല്‍ "നടവര്ലാല്' എന്നുപറയുമ്പോഴാണ് എല്ലാവര്ക്കും ആളെ പിടികിട്ടുക.
തോക്കോ ആയുധങ്ങളോ ഉപയോഗിക്കാതെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊള്ളയടിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അദ്ദേഹം. മിഥിലേഷ് കുമാര്‍ ശ്രീവാസ്തവ സ്വതന്ത്ര ഇന്ത്യയിലെ ബിഹാറിലെ സിവാന്‍ ജില്ലയിലാണ് ജനിച്ചത്. ഒരു സ്റ്റേഷന് മാസ്റ്റര്‍ ആയിരുന്നു പിതാവ്.
ആദ്യകാലത്ത് അയല്‍വാസികളുടെ വ്യാജ ഒപ്പിട്ട് പണംതട്ടി എടുക്കുമായിരുന്നു നട്വര് ലാല്‍. എന്നാല്‍ ഇക്കാര്യം നാട്ടില്‍ സംസാരവിഷയമായി. ഇത് പിതാവും അറിഞ്ഞു. അതോടെ നട്ടു നാടുവിട്ട് കോല്ക്കത്തിയിലെത്തി.
പിന്നങ്ങോട്ട് ഒരു "തസ്കരഇതിഹാസ ചരിതം' ആരംഭിക്കുകയായിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് താജ്മഹല്‍ ഒരുകൂട്ടം വിദേശികള്‍ക്ക് വിറ്റു. അതും മൂന്നു തവണ. പോരാഞ്ഞ് രാഷ്ട്രപതി ഭവനും ചെങ്കോട്ടയും ഇയാള്‍ വിദേശികള്‍ വിറ്റിട്ടുണ്ട്. "ഈഫല്‍ ടവര്‍ രണ്ടുതവണ വിറ്റ' ഓസ്ട്രോ-ഹംഗേറിയന്‍ കോണ്‍ ആര്‍ട്ടിസ്റ്റ് വിക്ടര്‍ ലുസ്റ്റിഗുമായി ആളെ പലരും പലപ്പോഴും താരതമ്യപ്പെടുത്തി.
ഇയാളെ പിടികൂടാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് പെടാപാട് പെട്ടു. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഐപിസിയുടെ 420, 467, 463, 120-ബി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തെ ജയിലിലടച്ചു, തന്റെ ജീവിതകാലത്ത് പത്ത് തവണയാണ് അദ്ദേഹം ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. അതോടെ നാട്ടുകാര്‍ക്കിടയില്‍ സൂപ്പര്മാന് പരിവേഷമായി. പോരാഞ്ഞ് നട്ടു നാട്ടുകാരെ സഹായിച്ച് കൈയിലുമെടുത്തു.
1996ല്‍ 84-ാം വയസിലാണ് നട്വർലാല് അവസാനമായി അറസ്റ്റിലാകുന്നത്. പ്രായാധിക്യവും വീല്‍ചെയറിന്റെ ഉപയോഗവും വകവയ്ക്കാതെ അന്നും രക്ഷപ്പെട്ടു, 1996 ജൂണ്‍ 24-ന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അദ്ദേഹത്തെ അവസാനമായി അധികൃതര്‍ കണ്ടത്. ചികിത്സയ്ക്കായി കാണ്‍പൂര്‍ ജയിലില്‍ നിന്ന് ന്യൂ ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് പോലീസ് കൊണ്ടുപോയി. അതിനുശേഷം അദ്ദേഹത്തെ പിന്നീട് കണ്ടില്ല.
എന്നാല്‍ 2009ല്‍ ജൂലൈ 25-ന് അദ്ദേഹം മരിച്ചുവെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹത്തിന്റെ വക്കീല്‍ പറഞ്ഞു. മരിക്കുമ്പോള്‍ 97 വയസായിരുന്നത്രെ. പക്ഷെ 1996ല്‍ തന്നെ നട്ടു മരിച്ചതായി സഹോദരന് അവകാശപ്പെടുന്നു. ചുരുക്കത്തില്‍ സ്വന്തം മരണത്തില്‍ പോലും അധികൃതരെ അടക്കം ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു ഈ സമര്‍ഥനായ മോഷ്ടാവ്...