വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് റോബോട്ട്; വിസ്മയിപ്പിച്ചു സഹോദരിമാര്‍
Wednesday, October 16, 2024 11:02 AM IST
വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിനും മാലിന്യനീക്കത്തിനും ഉപയോഗിക്കാവുന്ന റോബോട്ടിക്ക് ഉപകരണം വികസിപ്പിച്ച് സ്കൂൾ വിദ്യാര്‍ഥികളായ സഹോദരികള്‍.
അക്വാ റെസ്ക്യൂ റാഫ്റ്റ് 1.0, ട്രാഷ്ബോട്ട് 3.0 എന്നീ റോബോട്ടുകളെയാണ് മാള ഹോളി ഗ്രേസ് അക്കാഡമിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കാത്ലിന് മാരി ജീസനും നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ക്ലെയര്‍ റോസ് ജീസനും വികസിപ്പിച്ചത്.
അഹമ്മദാബാദില്‍ നടന്ന ദേശീയ റോബോട്ടിക്സ് ഒളിമ്പ്യാഡില്‍ ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്സ് എലിമെന്ററി വിഭാഗത്തില്‍ ഇരുവരുടെയും കണ്ടുപിടിത്തത്തിന് ഒന്നാം സമ്മാനവും ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസും ലഭിച്ചു.
കോവിഡ് കാലത്ത് പതിവ് പഠനത്തിനു പുറമേ കോഡിംഗ് പഠിച്ചു തുടങ്ങിയതാണ് കാത്ലിനെ റോബോട്ടിക് മേഖലയില്‍ ആകൃഷ്ടയാക്കിയത്. അനിയത്തി ക്ലെയറിനെ ഒപ്പം കൂട്ടി ചെറിയ ചെറിയ റോബോട്ടുകളെ നിര്‍മിച്ചു തുടങ്ങി.
കേരളം അഭിമുഖീകരിച്ച വെള്ളപ്പൊക്ക ദുരന്തത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന റോബോട്ടുകള്‍ നിര്‍മിക്കാനുള്ള ആശയം ഉണ്ടായതെന്ന് ഇരുവരും പത്രസമ്മേളനത്തില്‍ പറഞ്ഞു.
സഹായത്തിന് യുണീക് വേള്‍ഡ് റോബോട്ടിക്സിലെ കോച്ച് അഖില ആര്. ഗോമസും ഒപ്പം ചേര്‍ന്നു. ആദ്യം മിനിയേച്ചര്‍ രൂപത്തിലുള്ള റോബോട്ടാണ് ഇരുവരും നിര്‍മിച്ചത്.
അഖിലയുടെ സഹായത്തോടെ പൂര്‍ണരൂപത്തിലുള്ള റോബോട്ടിന് രൂപം നല്കി. ഇത്തരമൊരു ആശയം ലോകത്തുതന്നെ ആദ്യമാണെന്നും പേറ്റന്റിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അക്കാദമി ചെയര്മാന് അഡ്വ.ക്ലമന്‍സ് തോട്ടപ്പിള്ളി പറഞ്ഞു.
തൃശൂര്‍ അമ്പഴക്കാട് പള്ളിപ്പാട്ട് ജീസന്റെയും ലിയയുടെയും മക്കളാണ് ഇരുവരും. ദേശീയതലത്തില്‍ ഒന്നാമതെത്തിയതോടെ നവംബറില്‍ ടര്‍ക്കിയില്‍ നടക്കുന്ന ലോക റോബോട്ടിക് ഒളിമ്പ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇരുവരും പങ്കെടുക്കും. അക്കാദമി പ്രിന്‍സിപ്പല്‍ എം.ബീനയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.