ലോകോത്തര കലാസൃഷ്ടി, പക്ഷെ ചവറ്റുകുട്ടയില്‍; യഥാര്‍ഥത്തില്‍ സംഭവിച്ചത്...
Tuesday, October 15, 2024 3:07 PM IST
നിരവധി കലാകാരന്മാര് ഈ ഭൂമിയില്‍ പിറന്നിട്ടുണ്ടല്ലൊ. പലരും മടങ്ങിയെങ്കിലും അവരുടെ കഴിവിന്റെ ഉദാഹരണങ്ങള്‍ നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പലപ്പോഴും മ്യൂസിയങ്ങളിലാണ് ഇത്തരം അമൂല്യ സൃഷ്ടികള്‍ സൂക്ഷിക്കാറുള്ളത്. അതല്ലെങ്കില്‍ ആരെങ്കിലും വില നല്കി വാങ്ങി തങ്ങളുടെ മാളികയില്‍ സൂക്ഷിക്കും.
എന്നാല്‍ ഏറെ രസകരമായ ഒരു സത്യമെന്തെന്നാല്‍ സാധാരണക്കാരായ പലര്‍ക്കും ഇത്തരം ലോകോത്തര സൃഷ്ടികളെ പിടികിട്ടില്ല എന്നതാണ്. ചില ചിത്രങ്ങള്‍ ഒക്കെ കണ്ടാല്‍ പലയാളുകളും ഒന്നും മനസിലാകാതെ കുറേ കുത്തിവരകള്‍ മാത്രം കാണും. എന്നിരുന്നാലും അതിനുപിന്നിലെ കരങ്ങളെ അവര്‍ ബഹുമാനത്തോടു കൂടിയെ കാണാറുള്ളു.
ഇപ്പോഴിതാ അപൂര്‍വമായ ഒരു സൃഷ്ടി മനസിലാക്കാതെ ഒരാള്‍ ചെയ്ത അബദ്ധം വാര്‍ത്തയാവുന്നു. നെതര്‍ലാന്‍ഡിലെ എല്‍എഎം മ്യൂസിയത്തിലാണ് സംഭവം.
ഇവിടെ ഫ്രഞ്ച് കലാകാരന് അലക്സാണ്ടര്‍ ലാവെറ്റിന്റെ "നമ്മള് ഒരുമിച്ച് ചെലവഴിക്കുന്ന എല്ലാ നല്ല സമയങ്ങളും' എന്ന ഒരു കലാരൂപം സൂക്ഷിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ ഈ കലാരൂപം ബെല്‍ജിയന്‍ ബ്രാന്‍ഡായ ലാഗറിന്റെ രണ്ട് ക്യാനുകളോട് സാമ്യമുള്ളതായിരുന്നു. ഡച്ച് മ്യൂസിയത്തിലെ സ്റ്റാഫ് അംഗം ഈ ക്യാനുകള്‍ എടുത്ത് ചവറ്റുകുട്ടയില്‍ ഇട്ടു.
ബിയറുകള്ക്കുള്ള രസീത് കണ്ടതിന് ശേഷമാണ് ക്യാനുകള്‍ മാലിന്യമാണെന്ന സംശയം അദ്ദേഹം സ്ഥിരീകരിച്ചത്. താനൊരു നല്ല കാര്യം ചെയ്തു എന്നദ്ദേഹം ആശ്വസിക്കുകയും ചെയ്തു.
എന്നാല്‍ മറ്റുള്ളവര്‍ നോക്കുമ്പോള്‍ വിലമതിക്കാനാകാത്ത ഈ സൃഷ്ടി കാണാനില്ല. ആരെങ്കിലും കവര്ന്നൊ എന്ന സംശയം അവിടെ ഉടലെടുത്തു. അന്വേഷണമായി ആകെ ബഹളമയം. ഇതിനിടയിലാണ് സൃഷ്ടിയെ ചവറ്റുകുട്ടയില്‍ നിന്നും കണ്ടെടുത്ത്. ഭാഗ്യത്തിന് എറിയും മുമ്പ് ഈ ജീവനക്കാരന് അത് ഞെരിച്ചുടച്ചിരുന്നില്ല. അതിനാല്‍ "കുറച്ച് വൃത്തിയാക്കലിനുശേഷം' കലാസൃഷ്ടിയെ പുനഃസ്ഥാപിച്ചു.
ഗാലറികളിലെയും മ്യൂസിയങ്ങളിലെയും കലാസൃഷ്ടികള്‍ക്ക് സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ നീണ്ട നിരയില്‍ ഏറ്റവും പുതിയതാണ് ഈ സംഭവം. 2023-ല്‍, തനിക്ക് വിശക്കുന്നുവെന്ന് പറഞ്ഞ ഒരാള്‍ സിയോളിലെ ഒരു ഗാലറിയില്‍ ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റെലന്‍ സ്ഥാപിച്ചതിന്റെ ഭാഗമായി ചുവരില്‍ ഒട്ടിച്ച വാഴപ്പഴം കഴിച്ചിരുന്നു.