യഥാര്‍ഥ പര്‍വതം സന്ദര്‍ശിക്കാതെ എവറസ്റ്റ് കീഴടക്കിയ വ്യക്തി; ഗിന്നസ് റിക്കാര്‍ഡില്‍
Monday, October 14, 2024 11:27 AM IST
പര്‍വതാരോഹകരുടെ സ്വപ്നഭൂമിയാണല്ലൊ എവറസ്റ്റ്. ഈ പര്‍വതം കീഴടക്കാന്‍ പലരും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ചിലര്‍ അതില്‍ വിജയിക്കുകയും ചരിത്രം തീര്‍ക്കുകയും ചെയ്തിട്ടുണ്ടുതാനും.
എന്നാല്‍ ഈ പര്‍വതം നേരിട്ട് സന്ദര്‍ശിക്കാതെ അതിനെ ഒരാള്‍ കീഴടക്കിയാലൊ. കേള്‍ക്കുമ്പോള്‍ നെറ്റിചുളിയും എങ്കിലും സംഗതി സത്യമാണ്. അമേരിക്കയിലെ ലാസ് വേഗസിലുള്ള സീന്‍ ഗ്രീസ്ലി ആണ് ഇത്തരമൊരു കാര്യം ചെയ്തത്.
ശേഷം അദ്ദേഹം ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കുകയുമുണ്ടായി. സീന്‍ തന്റെ വസതിയുടെ കോണിപ്പടികള്‍ കയറിയിറങ്ങിയാണ് ഈ റിക്കാര്‍ഡ് തീര്‍ത്തത്. എവറസ്റ്റിന്റെ ദൂരത്തിന് സമാനമായ ഉയരം ഈ കോണിപ്പടികള്‍ വഴി അദ്ദേഹം താണ്ടി. ഈ റിക്കാര്‍ഡിനായി 22 മണിക്കൂറും 57 മിനിറ്റും രണ്ട് സെക്കന്‍ഡും അദ്ദേഹം നടന്നു.
കോവിഡ് 19 നിമിത്തം മാനസികാരോഗ്യ പ്രശ്നങ്ങള്‍ പലരും നേരിടുന്നുണ്ട്. ഇത്തരത്തിലുള്ളവരടക്കം ജീവനൊടുക്കുന്നത് തടയുന്നതിന് ഫണ്ട് സ്വരൂപിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായിട്ടാണ് ഈ ശ്രമമെന്നും സീന്‍ പറയുന്നു. ആത്മഹത്യ തടയുന്നതിനുള്ള അമേരിക്കന്‍ ഫൗണ്ടേഷനുവേണ്ടി ഏകദേശം 34,000 രൂപ സമാഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഈ നടപ്പിനിടെ ഗ്രീസ്ലിയും തനിക്കായി ചില നിയമങ്ങള്‍ നിശ്ചയിച്ചു. കയറുമ്പോള്‍ കൈവരി ഉപയോഗിച്ചില്ല. കാരണം യഥാര്‍ഥത്തില്‍ മല കയറുമ്പോള്‍ പര്‍വതാരോഹകര്‍ക്ക് ആ ഓപ്ഷന് ഇല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
തന്റെ നടപ്പ് ട്രാക്കുചെയ്യുന്നതിന് ഒരു പ്രത്യേക സോഫ്റ്റ്വെയര് അദ്ദേഹം നിര്‍മിച്ചു. അദ്ദേഹം നിരവധി കാമറകള്‍ പടിയില്‍ സ്ഥാപിച്ചു. ഗിന്നസ് റിക്കാര്‍ഡ് നിയമങ്ങള്‍ പ്രകാരമുള്ള കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കി ഒടുവില്‍ അദ്ദേഹം വിജയം കൈവരിച്ചു
ഒടുവില്‍ നെഞ്ചുവേദനയോടെ നിലത്ത് കിടന്നു. കാലുകള്‍ മടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായതായി സീന്‍ പറഞ്ഞു. വീല്‍ചെയര്‍ ഓര്‍ഡര്‍ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ തമാശയായി പറഞ്ഞു.
എന്തായാലും ഈ ശ്രമത്തിനിടെ 10 പൗണ്ട് കുറഞ്ഞതായി സീന്‍ പറഞ്ഞു. പുതിയൊരനുഭവമായിരുന്നു വിജയം കണ്ടതില്‍ സന്തോഷമെന്നും സീന്‍ പറയുന്നു...