ചൈനയിലെ "സ്പൈഡര്‍ വുമണ്‍'
Friday, October 11, 2024 11:26 AM IST
സ്പൈഡര്‍മാനെ മിക്കവര്‍ക്കും അറിയാമല്ലൊ. ഏത് മന്ദിരത്തിന്റെയും ഭിത്തിയിലും വലയെറിഞ്ഞ് കയറുന്ന സൂപ്പര്‍ ഹീറോ. സ്പൈഡര്മാന് സിനിമകള്‍ എല്ലാം തന്നെ വലിയ വിജയമാണ് നേടുന്നതും. നമ്മുടെ ഇടയില്‍ അസാധാരണ രീതിയില്‍ കുന്നും മലയും ബില്‍ഡിംഗുമൊക്കെ കയറുന്നവരെ നാം സാധാരണ സ്പൈഡര്‍ മാന്‍ എന്നാണല്ലൊ പറയാറ്.
എന്നാല്‍ ചൈനയില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന ആള് സ്പൈഡര്‍ മാന്‍ അല്ല "സ്പൈഡര്‍ വുമണ്‍' ആണ്. ലുവോ ഡെംഗ്പിന് എന്ന സ്ത്രീയാണിത്. ഈ 43 കാരി സുരക്ഷാ ഉപകരണങ്ങളില്ലാതെ 108 മീറ്റര്‍ മല കയറിയിരുന്നു. അതായത് ഏതാണ്ട് 30 നില മന്ദിരത്തിന്റെ ഉയരം അവര്‍ യാതൊരു സുരക്ഷയുമില്ലാതെ കയറിയത്രെ.
റോക്ക് ക്ലൈംബിംഗിന്റെ പുരാതന മിയാവോ പാരമ്പര്യത്തിന്റെ ലോകത്തിലെ ഏക വനിതാ പരിശീലകയായ ഇവര്‍ വെറും കൈകൊണ്ടാണത്രെ ഇത്രയും ഉയരം താണ്ടിയത്. 15-ാം വയസില്‍ തന്റെ പിതാവിന്റെ പരിശീലനത്തിലാണ് ലുവോ ഈ ശീലം ആരംഭിച്ചത്.
ആണ്‍കുട്ടികള്‍ക്ക് മാത്രം കഴിയുന്ന കാര്യം എന്ന തോന്നല്‍ മാറ്റാനാണ് അവര്‍ ഈ മല കയറ്റം ആരംഭിച്ചതത്രെ. പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഒരു വിനോദത്തിന് മാത്രമായിട്ടല്ല ലുവോ ഉള്‍പ്പെടുന്ന മിയാവോ പാരമ്പര്യത്തിലുള്ളവര്‍ മല കയറുന്നത്. പാറക്കെട്ടുകളിലെ ഔഷധ സസ്യങ്ങളും മറ്റും ശേഖരിക്കാന്‍ കൂടിയാണത്രെ. പോരാഞ്ഞ് തങ്ങളുടെ മരിച്ചവരെ ഉയരങ്ങളിലാണ് മിയാവോക്കാര് സംസ്കരിക്കുക.
ഇക്കാലത്ത് ലുവോ തന്റെ ഈ വൈദഗ്ധ്യത്തെ ഒരു വിനോദസഞ്ചാര വഴിയായും ഉപയോഗിക്കുന്നു. പല സന്ദര്‍ശകര്‍ക്കും ഔഷധ സസ്യങ്ങള്‍ നല്കാന് ലുവോ ഈ മല കയറ്റം നടത്തുന്നു. അതുവഴി സമ്പാദിക്കുകയും ചെയ്യുന്നു. എന്തായാലും ഇപ്പോഴും കുന്നുകള്‍ കൂളായി മറികടക്കുന്ന ലുവോയെ കൗതുകത്തോടെയാണ് നെറ്റിസണ്‍സ് കാണുന്നത്. "ധീരയായ ചിലന്തി സ്ത്രീക്ക് അഭിനന്ദനങ്ങള്‍' എന്നാണൊരാള്‍ കുറിച്ചത്.