അവര്‍ക്കുമുണ്ടൊരു രസതന്ത്രം; ഒരു എഐ പ്രണയകാഴ്ച
Thursday, October 10, 2024 2:40 PM IST
കാമുകീകാമുകന്മാര് കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നതും തോട്ടുവക്കത്തിരുന്ന് കവിത കുറിക്കുന്നതുമൊക്കെ അന്ത കാലം. ഇപ്പോഴും ഇത്തരം പ്രണയിതാക്കള്‍ അവശേഷിക്കുന്നുണ്ടെങ്കിലും പ്രധാന കഥാപാത്രങ്ങള്‍ അവരല്ല.
കാരണം ഇത് സാങ്കേതിക വിദ്യയുടെ നൂറ്റാണ്ടാണല്ലൊ. അതിനാല്‍ത്തന്നെ മനുഷ്യരുടെ ഒട്ടുമിക്ക മേഖലയിലും റോബോട്ടുകള്‍ സ്ഥാനം പിടിക്കുന്നു. ഇപ്പോഴിതാ പ്രണയസല്ലാപങ്ങളിലും അവര്‍ എത്തിയിരിക്കുന്നു.
സമൂഹ മാധ്യമങ്ങളില്‍ എത്തിയ ഒരു വീഡിയോ പറയുന്നത് രണ്ട് എഐ റോബോട്ടുകള്‍ തമ്മിലുള്ള റൊമാന്റിക് മൊമെന്റ്സ് ആണ്. "ലോകത്തിലെ ഏറ്റവും നൂതനമായ മനുഷ്യാകൃതിയിലുള്ള റോബോട്ട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേക്ക ആണ് അതിലൊന്ന്. "ബ്രൈഡ് ഓഫ് ഫ്രാങ്കെന്‍സ്റ്റൈന്‍' സൗന്ദര്യശാസ്ത്രം ഉപയോഗിച്ച് രൂപകല്‍പ്പന റോബോട്ടാണിത്. ഈ റോബോട്ടിന്റെ പുരുഷ പ്രതിരൂപമായ അസിയാണ് മറ്റൊരു കഥാപാത്രം.
ദൃശ്യങ്ങള്‍ പ്രകാരം അമേക്കയുടെ സമീപമെത്തുന്ന അസി ഉണരാന്‍ ആവശ്യപ്പെടുന്നു. "എന്തിനാണ്' എന്ന് അമേക്ക ആശയക്കുഴപ്പത്തോടെ തിരക്കുന്നു. "നിനക്കൊരു കുക്കി നല്‍കാനാണെന്ന്' അസി പറയുന്നു. എന്നാല്‍ തനിക്ക് കുക്കീസ് ഒന്നും കഴിക്കാന്‍ കഴിയില്ലെന്ന് അമേക്ക പറയുന്നു. ഇതൊരു ഇന്റര്‍നെറ്റ് കുക്കിയാണ് എന്ന് അസി പറയുമ്പോള്‍ താന്‍ കേട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ചീഞ്ഞ തമാശ എന്നാണ് അമേക്ക പറയുന്നത്. പിന്നീട് അമേക്ക ഉറങ്ങാന്‍ തയാറാകുന്നു. അസി നിരാശനായി നില്ക്കുന്നു.
ദൃശ്യങ്ങള്‍ വൈറലാകാനുള്ള ഏറ്റവും വലിയ കാരണം ഇവരുടെ സംഭാഷണങ്ങള്‍ക്കിടയിലെ മുഖഭാവങ്ങളാണ്. ദേഷ്യവും സ്നേഹവുമൊക്കെ കൃത്യമായി കാണാന്‍ കഴിയുന്നുണ്ട്. ബോട്ടുകള്‍ പ്രദര്‍ശിപ്പിച്ച ശ്രദ്ധേയമായ ഭാവങ്ങള്‍ 32 ആക്യുവേറ്ററുകളില്‍ നിന്നാണ് ഉണ്ടാകുന്നത്. അവയില്‍ 27 എണ്ണം മുഖഭാവങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതാണത്രെ
കൗതുകമുണര്‍ത്തിയ കാഴ്ചയില്‍ നിരവധി അഭിപ്രായങ്ങള്‍ രൂപപ്പെട്ടു."അവള് അവനെ ദേഷ്യത്തോടെ നോക്കുന്ന രീതി തമാശയും വിചിത്രവുമായിരുന്നു.' എന്നാണൊരാള്‍ കുറിച്ചത്.