ജോലി അപേക്ഷയ്ക്കുളള മറുപടി 48 വര്‍ഷങ്ങള്‍ക്കിപ്പുറം ലഭിച്ചാല്‍; കാരണം
Tuesday, October 8, 2024 12:39 PM IST
ഒരു ജോലിക്കായി നമ്മളില്‍ പലരും അപേക്ഷകള്‍ അയച്ച് കാത്തിരിക്കുമല്ലൊ. ജോലി ലഭിക്കുമൊ ഇല്ലയൊ എന്നുള്ള മറുപടി മിക്ക കമ്പനികളും നല്‍കാറുണ്ട്. ചിലര്‍ ഒരാഴ്ചയൊ രണ്ടാഴ്ചയൊ ഒക്കെ വൈകിയാകും പലരും മറുപടി നല്‍കുക.
എന്നാല്‍ ദശാബ്ദങ്ങള്‍ക്കിപ്പുറമാണ് മറുപടി ലഭിക്കുന്നതെങ്കിലൊ. അത്തരമൊരു കാര്യത്തെ കുറിച്ചാണിത്. യുണൈറ്റഡ് കിംഗ്ഡത്തിലെ 70 വയസുള്ള ഒരു സ്ത്രീയ്ക്കാണ് വേറിട്ട മറുപടി ലഭിച്ചത്.
ലിങ്കണ്‍ഷെയറില്‍ താമസിക്കുന്ന ടിസി ഹോഡ്സണ് 1976 ലെ ഒരുദിവസം ഒരു ജോലിക്കായി ഒരു അപേക്ഷാ എഴുതി. എന്നാല്‍ ജോലി അപേക്ഷയുമായി ബന്ധപ്പെട്ട ഒരു മറുപടിയും അവര്‍ക്ക് ലഭിച്ചില്ല. ഒരു മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് റൈഡറാകാന്‍ ആഗ്രഹിച്ച അവര്‍ പിന്നീട് ഈ മറുപടിയുടെ കാര്യം അങ്ങ് മറന്നു.
പിന്നീട് തന്റെ ജീവിതവുമായി മുന്നോട്ട് നീങ്ങി. എന്നാല്‍ എന്താണ് മറുപടി ലഭിക്കാഞ്ഞതെന്ന് ടിസി പലപ്പോഴും ആലോചിച്ചിരുന്നു. അങ്ങനിരിക്കെ 48 വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ക്കൊരു കത്ത് വന്നു. അതില്‍ അവര്‍ അപേക്ഷിച്ച ജോലിയുടെ മറുപടിയായിരുന്നു.
അതായത് ടിസി അയച്ച കത്ത് പോസ്റ്റ് ഓഫീസിന്റെ ഡ്രോയറിന് പിന്നില്‍ കുടുങ്ങിയത്രെ. ചുരുക്കത്തില്‍ അപേക്ഷ ആ കമ്പനിക്ക് മുന്നില്‍ എത്തിയില്ല. കത്ത് കണ്ടെത്തിയ പോസ്റ്റ് ഓഫീസുകാര്‍ എന്തായാലും അത് ടിസിക്ക് തിരിച്ചു നല്കി. "അല്പം വൈകി' എന്നും സൂചിപ്പിച്ചു.
ഈ ജോലി ലഭിച്ചില്ലെങ്കിലും എയറോബാറ്റിക് പൈലറ്റ്, ഫ്ലൈയിംഗ് ഇന്‍സ്ട്രക്ടര്‍ തുടങ്ങി നിരവധി സാഹസിക ജോലികള്‍ ടിസി ഈ കാലയളവില്‍ ചെയ്തിരുന്നു. ലഭിക്കാതെ പോയതിനെ ഓര്‍ത്ത് നിരാശപ്പെടാതെ പുതിയ സാഹസികതകള്‍ കണ്ടെത്തണമെന്നാണ് അവര്‍ പുതിയ തലമുറയോട് പറയാന്‍ ആ്രഗഹിക്കുന്നത്. എന്തായാലും 48 വര്‍ഷം മുന്നിലെ കത്തിന്റെ മടക്കം വലിയ കൗതുകമാണെന്ന് നെറ്റിസണ്‍സ് കുറിക്കുന്നു.