നോക്കിയ സ്നേക്ക് ഗെയിം യഥാര്‍ഥത്തില്‍ സംഭവിച്ചാല്‍...
Monday, October 7, 2024 10:52 AM IST
മൊബൈല്‍ ഫോണുകള്‍ പ്രചാരം നേടിത്തുടങ്ങിയ കാലത്ത് മിക്കവര്‍ക്കും പ്രിയപ്പെട്ട ഒന്നായിരുന്നു നോക്കിയ ഫോണുകള്‍. നോക്കിയ 1100, 1108, നോക്കിയ 3310 എന്നിങ്ങനെയുള്ള ഫോണുകള്‍ ഹിറ്റായിരുന്നു.
ടെമ്പിള്‍ റണ്ണിനും പംബ്ജിക്കും മിനിമില്ട്ടിക്കുമൊക്കെ മുന്നേ പ്രശസ്തമായ ഒന്നായിരുന്നല്ലൊ ഈ ഫോണുകളിലെ സ്നേക്ക് ഗെയിം. സ്വന്തം വാലില്‍ മുട്ടാതെ ചതുരക്കളത്തില്‍ കറങ്ങിക്കളിക്കുന്ന ഈ പാമ്പ് എത്രയെത്ര ആളുകളുടെ "സമയത്തെ കൊന്നിരിക്കുന്നു'. പലരും ഈ കളിക്ക് അഡിക്റ്റഡ് ആയിരുന്നു
എന്നാല്‍ കാലം മാറിയപ്പോള്‍ ആളുകള്‍ ഈ പാമ്പിനെ മറന്നെന്ന് പറയാം. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ എത്തിയ ഒരു വീഡിയോ ഈ ഗെയിമിനെ ഒന്നു കൂടി ചര്‍ച്ചയിലാക്കി. ഈ ഗെയിമില്‍ ഉള്ള കാര്യം യഥാര്‍ഥത്തില്‍ സംഭവിച്ചതാണ് കാരണം.
ഇന്‍സ്റ്റഗ്രാം ദൃശ്യങ്ങളില്‍ ഒരു പാമ്പ് പാറ്റേണ്‍ ചെയ്ത ഇഷ്ടിക അധിഷ്ഠിത മതിലിലൂടെ ഇഴഞ്ഞു നീങ്ങുന്നതാണുള്ളത്. പാമ്പിന്റെ ചലനങ്ങള്‍ നോക്കിയ സ്നേക്ക് ഗെയിംപ്ലേയോട് വളരെ സാമ്യമുള്ളതായിരുന്നു. ദൃശ്യങ്ങള്‍ വൈറലായി മാറി.
ദൃശ്യങ്ങളിലേത് വടക്കേ അമേരിക്കയില്‍ നിന്നുള്ള "കിംഗ്സ്നേക്ക്' ആണെന്നാണ് റിപ്പോര്‍ട്ട്. വിഷമില്ലാത്തവയാണ് ഇവ. എന്തായാലും ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "തികച്ചും യാദൃശ്ചികം' എന്നാണൊരാള്‍ കുറിച്ചത്.