ശമ്പളം കുറവുള്ളവർക്ക് അപ്പോൾ പെണ്ണ് വേണ്ട? ഒരുലക്ഷം ശമ്പളമില്ലാത്തവന് പെണ്ണില്ല..!
Saturday, January 11, 2025 11:05 AM IST
ഇന്ത്യയില്‍ യുവതികളുടെ മാതാപിതാക്കളുടെ വരനെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾ കാരണം യുവാക്കൾക്കു വിവാഹം കഴിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നു സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തൽ. വിവാഹത്തെ ഇന്നു നിയന്ത്രിക്കുന്നത് പണമാണെന്നാണു സമൂഹമാധ്യമ ഉപയോക്താക്കളുടെ കൂട്ടപ്പരാതി.
യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളാണു പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍നിന്നു പലപ്പോഴും ഉണ്ടാകുന്നത്. വിവാഹനിശ്ചയ ചടങ്ങുകളില്‍ വരന്റെ ശമ്പളം അന്വേഷിച്ചുള്ള സംഭാഷണങ്ങള്‍ അസ്വസ്ഥമാക്കുന്നുവെന്നും യുവാക്കൾ പരാതിപ്പെടുന്നു.
വിനീത് കെ എന്ന എക്സ് ഉപയോക്താവിന്റെ കുറിപ്പാണ് വിവാഹമാർക്കറ്റിൽ യുവാക്കൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു വഴിവച്ചത്. വധുവിന്റെ മാതാപിതാക്കൾക്കു വരന്റെ ശമ്പളത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ അതിനുകടന്നതാണെന്നു കുറപ്പിൽ പറയുന്നു. മാസം ഒരു ലക്ഷത്തില്‍ കുറവ് ശമ്പളമുള്ള വ്യക്തി ഐടിയിൽ ആണെങ്കില്‍ പോലും പരിഗണിക്കപ്പെടുന്നില്ല.
മാതാപിതാക്കളുടെ മാനസികാവസ്ഥ റീസെറ്റ് ചെയ്യേണ്ടതുണ്ട്. 28 വയസുള്ള ഒരാൾക്ക് ഏങ്ങനെ 1-2 ലക്ഷം രൂപ മാസം സമ്പാദിക്കാന്‍ കഴിയും, വീടും കാറും ഉണ്ടാകും? പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ തലമുറയ്ക്ക് ഇതൊക്കെ ഉണ്ടായത് റിട്ടയർമെന്റിന് ശേഷമാണെന്നും വിവേക് ഓര്‍മപ്പെടുത്തി.
പത്തു ലക്ഷം പേരാണ് വിവേകിന്റെ കുറിപ്പ് കണ്ടത്. ആയിരക്കണക്കിന് ആളുകൾ കുറിപ്പ് റീഷെയര്‍ ചെയ്തു. യുവാക്കളും അവിവാഹിതരുമായ സമൂഹമാധ്യമ ഉപയോക്താക്കൾ കുറിപ്പിനു ചുവടെ തങ്ങളുടെ അനുഭവങ്ങള്‍ കുറിച്ചു. "എല്ലാവര്ക്കും കോടീശ്വരനെ വേണം. എന്നാൽ, പെണ്‍കുട്ടികളുടെ യോഗ്യത കണക്കിലെടുക്കുന്നുമില്ല' ഒരാൾ എഴുതി.
പണമുണ്ടെങ്കിലും വലിയ ശന്പളമുള്ള ജോലി ഇല്ലെന്ന കാരണത്താല്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട സ്നേഹ -വിവാഹ ബന്ധങ്ങളെക്കുറിച്ചു മറ്റു ചിലര്‍ പരാമർശിച്ചു. പണത്തിനുമേലെ നടക്കുന്ന വിവാഹങ്ങള്‍ ഒരിക്കലും സ്വരച്ചേര്‍ച്ചയോടെ മുന്നോട്ടു പോകില്ലെന്നും അതിനേക്കാൾ നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണെന്നുമായിരുന്നു വേറെ ചിലരുടെ പ്രതികരണങ്ങൾ.