എയറിലായ തന്നെ വീണ്ടും എയറിലാക്കിയ കേരള പോലീസിനെ തപ്പി ബേസില്‍ ജോസഫ്
സീമ മോഹന്‍ലാല്‍
Thursday, November 14, 2024 12:32 PM IST
എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി ആ പോസ്റ്റര്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലിലെ ഡിജിറ്റര്‍ ക്രിയേറ്റര്‍ സി. നിതീഷ് സാക്ഷാല്‍ ബേസില്‍ തന്നെ അതിന് താഴെ കമന്റ് ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. പക്ഷേ കേരള പോലീസിനോട് ചിരിയുടെ നമ്പര്‍ ചോദിച്ച് ബേസില്‍ ജോസഫ് തന്നെ കമന്റിട്ടിരിക്കുകയാണ്.
കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച "ചിരി' പദ്ധതിയുടെ പ്രചരണാര്‍ഥമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ബേസില്‍ ജോസഫിന്റെ ട്രോള്‍ മീം ഉപയോഗിച്ച് പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റിട്ടിരിക്കുന്നത്.
കേരള പോലീസ് വളരെ രസകരമായി അവതരിപ്പിച്ച ഈ പോസ്റ്റര്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ കേരള പോലീസിന്റെ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ വൈകിട്ട് 6.40 ന് പോലീസിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റു ചെയ്ത ഈ പോസ്റ്റര്‍ ഇന്ന് രാവിലെ ഒമ്പതു വരെ ഫേസ്ബുക്കില്‍ 9 ലക്ഷം പേരും ഇന്‍സ്റ്റഗ്രാമില്‍ എട്ടു ലക്ഷം പേരുമാണ് കണ്ടത്.
കഴിഞ്ഞദിവസം കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനല്‍ വേദിയില്‍ നടന്ന സംഭവമാണ് ബേസിലിനെ എയറിലാക്കിയത്. കാലിക്കറ്റ് എഫ്സിഫോഴ്സ കൊച്ചി മത്സരം കാണുന്നതിന് ഫോര്‍സ കൊച്ചിയുടെ ഉടമസ്ഥനായ നടനും സംവിധായകനുമായ പൃഥ്വിരാജും കാലിക്കറ്റ് എഫ്സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു.
സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങിയിരുന്നു. ഇതിന്റെ വീഡിയോ ദ്രുതഗതിയിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ബേസിലിനെ ട്രോളി നടന് ടൊവിനോ തോമസും ക്രിക്കറ്റ് താരം സഞ്ജു സാംസണും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള പോലീസും സംഭവം ഏറ്റെടുത്തത്.
പോസ്റ്ററില്‍ പൃഥ്വിരാജിനെ ചിരി ഹെല്പ് ലൈനായും ബേസിലിനെ മാനസിക സമ്മര്‍ദവുമായാണ് പോലീസ് അവതരിപ്പിച്ചിരിക്കുന്നത്. ബേസിലിന് കൈകൊടുക്കാതെ മടങ്ങിയ കളിക്കാരനെയാകട്ടെ കുട്ടികള്‍ എന്ന നിലയിലും അവതരിപ്പിച്ചു.
നിമിഷ നേരം കൊണ്ടാണ് കേരള പോലീസിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. "നമ്മളായിട്ട് ആരെയും ഒഴിവാക്കില്ല, സേവനം ആവശ്യമായവര്‍ക്ക് വിളിക്കാം' എന്ന കമന്റും കേരള പോലീസ് പോസ്റ്റിന് താഴെ നല്‍കിയിട്ടുണ്ട്.
കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. ചിരിയുടെ 9497900200 എന്ന ഹെല്പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാം എന്നാണ് പേജില്‍ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷമായി കേരള പോലീസിന്റെ ഭാഗമായ ഹവില്‍ദാര്‍ നെയ്യാറ്റിന്‍കര സ്വദേശി സി. നിതീഷിന്റേതാണ് ഈ ആശയം. അദ്ദേഹം അത് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാറിനെ അറിയിച്ചു. പ്രമോദ് കുമാര്‍ ഒകെ പറഞ്ഞതോടെയാണ് പോലീസിന്റെ സമൂഹ മാധ്യമ പേജുകളില്‍ പങ്കുവച്ചത്.
നിതീഷ് തയാറാക്കിയ പല പോസ്റ്ററുകളും വൈറലായിട്ടുണ്ട്. പോസ്റ്റിനു താഴെ നിരവധി പേരാണ് രസകരമായ പല കമന്റുകളും ഇട്ടിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ ഇന്നു രാവിലെ ഏഴു വരെ നൂറിലധികം ഫോണ്‍ കോളുകളാണ് ചിരി ഹെല്പ് ലൈനിലേക്ക് എത്തിയത്. സാധാരണയായി പ്രതിദിനം 10 മുതല്‍ 15 വരെ കോളുകളാണ് ചിരിയിലേക്ക് എത്താറുള്ളത്.