അപൂര്‍വത; ഇന്ത്യയില്‍ ട്രെയിന്‍ സ്വന്തമാക്കിയ ഏക വ്യക്തി
Thursday, November 14, 2024 10:55 AM IST
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രകള്‍ക്കായി ആശ്രയിക്കുന്നത് തീവണ്ടിയെ ആണല്ലൊ. ലോക്കല്‍ ട്രെയിന്‍ മുതല്‍ വന്ദേഭാരത് വരെ 1.4 ബില്യണ്‍ ജനങ്ങള്‍ക്കായി ഓടുന്നു. എന്നും നമ്മുടെ കണ്ണിന് മുന്നിലൂടെ പായുന്ന ഈ വാഹനം ഒരാള്‍ക്കും സ്വന്തം പേരില്‍ വാങ്ങാന്‍ കഴിയില്ല.
ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ട്രെയിന്‍ ഇന്ത്യാ ഗവണ്മെന്റിന് അല്ലാതെ മറ്റാര്‍ക്കും സ്വന്തമാക്കാനാകില്ല. എന്നാല്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഒരേ ഒരാള്‍ മാത്രം ഒരു ട്രെയിന്‍ സ്വന്തമാക്കിയിട്ടുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ സംഭവം നടന്നിട്ട് അധികമായില്ല താനും.
ഇങ്ങനെ ട്രെയിന്‍ സ്വന്തമാക്കിയ ആള് ടാറ്റയോ അസിം പ്രേംജിയോ അംബാനിയോ അദാനിയൊ ഒന്നുമല്ല. മറിച്ച് പഞ്ചാബില്‍ നിന്നുള്ള ഒരു കര്‍ഷകനാണ്. സമ്പുരാന് സിംഗ് എന്നാണ് ഈ ട്രെയിന്‍ മുതലാളിയുടെ പേര്.
ലുധിയാനയിലെ കറ്റാന ഗ്രാമത്തില്‍ താമസിക്കുന്ന സമ്പുരാന് സിംഗ് ഡല്‍ഹിക്കും അമൃത്സറിനും ഇടയില്‍ സര്‍വീസ് നടത്തുന്ന സ്വര്‍ണ ശതാബ്ദി എക്സ്പ്രസിന്റെ ഉടമസ്ഥാവകാശമാണ് നേടിയത്. അതിന് പിന്നിലെ സംഭവം ഇതാണ്...
2007-ല്‍ ലുധിയാന-ചണ്ഡീഗഢ് റെയില്‍വേ ലൈനിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനായി പ്രദേശത്തെ കര്‍ഷകരില്‍ നിന്നും റെയില്‍വേ പണം നല്കി ഭൂമി വാങ്ങി.സമ്പുരാന് സിംഗ് എന്ന ഈ കര്‍ഷകന്റെ ഇടവും അവര്‍ വാങ്ങി.
ഏക്കറിന് 25 ലക്ഷം രൂപയാണ് അവര്‍ നല്‍കിയത്. എന്നാല്‍ അധികാരികള്‍ അയല്‍ ഗ്രാമത്തിലെ ഭൂവുടമകള്‍ക്ക് ഏക്കറിന് 71 ലക്ഷം രൂപ എന്ന നിരക്കില്‍ ഉയര്‍ന്ന നഷ്ടപരിഹാരം നല്കി. നഷ്ടപരിഹാരത്തിലെ ഈ കടുത്ത അസമത്വം ചോദ്യംചെയ്യാന്‍ സമ്പുരാന് തീരുമാനിച്ചു.
അദ്ദേഹം കോടതിയെ സമീപിച്ചു. ഏക്കറിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചു. പിന്നീടത് ഏക്കറിന് 1.7 കോടിയാക്കി ഉയര്‍ത്തി. 2012-ല്‍ നോര്‍ത്തേണ്‍ റെയില്‍വേയുടെ പേയ്മെന്റ് പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടു.
എന്നാല്‍, നിശ്ചിത തീയതിക്കകം ഏകദേശം 42 ലക്ഷം രൂപ മാത്രമാണ് റെയില്‍വേ സമ്പുരാന് സിംഗിന് നല്‍കിയത്. കേസ് കോടതിക്ക് പിന്നില്‍ വീണ്ടുമെത്തി. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ജസ്പാല്‍ വര്‍മ ലുധിയാന സ്റ്റേഷന് അറ്റാച്ച് ചെയ്യുകയും ഡല്‍ഹി-അമൃത്സര്‍ സ്വര്‍ണ ശതാബ്ദി എക്സ്പ്രസിന്റെ ഉടമസ്ഥാവകാശം സമ്പുരാന് സിംഗിന് കൈമാറുകയും ചെയ്തു.
സിംഗ് ലുധിയാന സ്റ്റേഷനിലെത്തി, ഒരു അലിഖിത രക്ഷാധികാരിയായി പ്രവര്‍ത്തിച്ചുകൊണ്ട് ട്രെയിനിന്റെ ചുമതല ഏറ്റെടുത്തു. അപകടം മനസിലാക്കിയ ലുധിയാന റെയില്‍വേ സെക്ഷന്‍ എഞ്ചിനീയര്‍ ഉടനടി ഇടപെട്ടു; പ്രശ്നം പരിഹരിച്ചു.തത്ഫലമായി അഞ്ച് മിനിറ്റിനുള്ളില്‍ ട്രെയിന്‍ തിരിച്ചുനല്‍കി.
നിലവില്‍ കേസ് തുടരുകയാണ്. എന്നിരുന്നാലും ഇന്ത്യയില്‍ ഒരു ട്രെയിന്‍ സ്വന്തമാക്കിയ ഏക വ്യക്തിയായി വിലസുകയാണ് സമ്പുരാന് സിംഗ്...